ന്യൂഡൽഹി
പാർലമെന്റിൽ ബുധനാഴ്‌ചയും ഭരണകക്ഷിയായ ബിജെപിയുടെ എംപിമാർ നടപടികൾ തടസ്സപ്പെടുത്തി. ബഹളമുണ്ടാക്കാൻ കേന്ദ്രമന്ത്രിമാർ തന്നെ മുന്നിട്ടിറങ്ങി. രാജ്യസഭയിൽ നടപടികൾ പൂർണമായും മുടങ്ങി. ലോക്‌സഭയിലും ശൂന്യവേള മുതൽ ബിജെപി എംപിമാർ നടപടികൾ തടസ്സപ്പെടുത്തി. ശീതകാല സമ്മേളനത്തിന്റെ രണ്ടാംആഴ്‌ച മുതൽ ഭരണകക്ഷി ആസൂത്രിതമായി പാർലമെന്റ് സ്‌തംഭിപ്പിക്കുകയാണ്.
പക്ഷപാതപരമായി പെരുമാറുന്ന രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖറിനെതിരായി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നതിന്റെ പേരിലാണ് ബിജെപി പാർലമെന്റ് കലുഷിതമാക്കിയത്. പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു അവിശ്വാസപ്രമേയത്തെക്കുറിച്ച് ഏകപക്ഷീയമായി പ്രതികരിച്ചു. കോൺഗ്രസിനും സോണിയാ ഗാന്ധിക്കും ജോർജ് സോറോസുമായുള്ള ബന്ധം ചർച്ചയാകുന്നത് ഒഴിവാക്കാനാണ് സഭാധ്യക്ഷനെതിരായ അവിശ്വാസപ്രമേയമെന്ന് റിജിജു ആരോപിച്ചു.
പ്രതിപക്ഷത്തെ വിമർശിച്ച് സംസാരിക്കാൻ മുൻപ്രധാനമന്ത്രി ദേവഗൗഡയ്‌ക്കും അവസരം നൽകി. ഇതോടൊപ്പം ഒച്ചപ്പാടും തുടങ്ങി. പകൽ 12 വരെ നിർത്തിയ സഭ വീണ്ടും ചേർന്നപ്പോഴും ഭരണകക്ഷിയംഗങ്ങൾ ബഹളം തുടർന്നു. സഭാനേതാവായ കേന്ദ്രമന്ത്രി ജെ പി നദ്ദ വീണ്ടും സോറോസ് വിഷയം ഉയർത്തി. സോറോസ് ബന്ധത്തിൽനിന്ന് വഴിതിരിക്കാനാണ് സഭാധ്യക്ഷനെതിരായ അവിശ്വാസപ്രമേയമെന്ന് നദ്ദ പറഞ്ഞു. പ്രതിപക്ഷത്തിന് പ്രതികരിക്കാൻ അവസരം നൽകാതെ സഭാധ്യക്ഷൻ നടപടികൾ അവസാനിപ്പിച്ച് വ്യാഴാഴ്‌ച ചേരാനായി പിരിഞ്ഞു.
ലോക്‌സഭയിൽ ശൂന്യവേളയിൽ പ്രതിപക്ഷം മണിപ്പുർ വിഷയം ഉന്നയിച്ചപ്പോൾ അതിന് മറുപടി നൽകാതെ സോറോസ് വിഷയം ഉന്നയിച്ച് ബിജെപി എംപിമാർ ബഹളം തുടങ്ങി. ഇതോടെ സഭ നിർത്തി. ഉച്ചയ്‌ക്ക് ശേഷം റെയിൽവേ ഭേദഗതി ബിൽ പാസാക്കി. തുടർന്ന് ദുരന്തനിവാരണ ബില്ലിന്റെ ചർച്ചയ്‌ക്കിടെ ടിഎംസി എംപി കല്യാൺ ബാനർജി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി നടപടികൾ തടസ്സപ്പെടുത്തി. കല്യാൺ ബാനർജി ഖേദപ്രകടനം നടത്തിയതിനുശേഷവും ബിജെപിക്കാർ ബഹളം തുടർന്നതോടെ വ്യാഴാഴ്‌ച ചേരാനായി പിരിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..