ന്യൂഡൽഹി
ലോധി കാലഘട്ടത്തിലെ കുടീരം കൈയ്യേറി ഓഫീസാക്കി മാറ്റിയ റസിഡന്റ്‌സ് അസോസിയേഷനും അതിന് കൂട്ടുനിന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)ക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ഡൽഹി ഡിഫൻസ് കോളനിയിലെ 700 വർഷത്തിലേറെ പഴക്കമുള്ള ഷെയ്‌ഖ് അലിയുടെ കുടീരം ഡിഫൻസ് കോളനി വെൽഫെയർ അസോസിയേഷനാ(ഡിസിഡബ്ല്യുഎ)ണ് അനധികൃതമായി കൈയേറിയത്. എന്ത് ധൈര്യത്തിലാണ് സംരക്ഷിത സ്‌മാരകം കൈയ്യേറിയതെന്ന് ജസ്റ്റിസുമാരായ സുധാൻശു ധുലിയ, അഹ്‌സനുദീൻ അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു.
കുടീരത്തിൽ ചില അധികനിർമാണങ്ങൾ നടത്തി അസോസിയേഷൻ ഓഫീസാക്കി മാറ്റിയിരുന്നു. വിഷയത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്‌ച സിബിഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് കോടതി എഎസ്‌ഐയുടെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ചത്. കേടുപാടുകൾ പരിശോധിച്ച് ആറ് ആഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി വിദഗ്‌ധർക്ക് നിർദേശം നൽകി. കോടതിയെ സമീപിച്ച രാജീവ് സൂരിയെ കോടതി അഭിനന്ദിച്ചു. കേസ് ജനുവരി 21ന് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..