ന്യൂഡൽഹി
കുക്കി വംശജരെ സിആർപിഎഫുകാർ കൂട്ടക്കൊല ചെയ്‌തത് മണിപ്പുരിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കും. അസം റൈഫിൾസിനെ മണിപ്പുരിന്റെ സുരക്ഷാ ചുമതലയിൽനിന്ന് ഘട്ടംഘട്ടമായി പിൻവലിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ജിരിബാം ജില്ലയിലെ ജാക്കുറാദോറിൽ 11 കുക്കികളെ കൊലപ്പെടുത്തിയത്. അസം റൈഫിൾസാണ് വംശീയസംഘർഷത്തിൽ നീതിയുക്തമായ നിലപാട് സ്വീകരിച്ചതെന്നാണ് കുക്കി സംഘടനകളുടെ നിലപാട്. രണ്ട് ബറ്റാലിയൻ അസം റൈഫിൾസിനെ ആഴ്‌ചകൾക്ക് മുമ്പ് മണിപ്പുരിൽനിന്ന് പിൻവലിച്ചപ്പോൾ കുക്കി സംഘടനകൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.
അതേസമയം, മെയ്‌ത്തീ സംഘടനകൾ അസം റൈഫിൾസിൽ പക്ഷപാതം ആരോപിക്കുന്നു. അസം റൈഫിൾസ് വാഹനവ്യൂഹം പലപ്പോഴും മെയ്‌ത്തീകളുടെ ഉപരോധത്തിൽ കുടുങ്ങിയിട്ടുമുണ്ട്. ഏതായാലും, ഒന്നര വർഷമായി തുടരുന്ന കലാപത്തിൽ സുരക്ഷാ സേനയുടെ നീക്കങ്ങളിൽ വൻതോതിൽ ആൾനാശം ഒഴിവായിരുന്നു. തിങ്കളാഴ്‌ച ഉണ്ടായ കൂട്ടക്കൊലയോടെ ചിത്രം മാറി. പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റും ആക്രമിച്ചപ്പോൾ തിരിച്ചടിക്കുകയാണ് ചെയ്‌തതെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. കൊല്ലപ്പെട്ടവർ കുക്കി ഉപഗോത്രമായ മാർ വിഭാഗത്തിൽപെട്ടവരാണ്. മാർ വളണ്ടിയർമാരെ മുൻകൂട്ടി ആസൂത്രണം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന് മാർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും മൃതദേഹങ്ങൾ വലിച്ചിഴച്ചതും സിആർപിഎഫിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു. കുക്കി മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വളണ്ടിയർമാരും കടന്നാക്രമണം ചെറുക്കാൻ കൂടുതൽ ജാഗ്രതയോടെ നിലകൊള്ളണമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. മാർ സമുദായത്തിൽപെട്ട യുവതിയെ ബലാത്സംഗംചെയ്‌ത് ചുട്ടുകൊന്നതിന് പിന്നാലെയായിരുന്നു കൂട്ടക്കൊല.
കുക്കി സംഘടനകളുടെ ആഹ്വാനപ്രകാരം ചൊവ്വാഴ്‌ച വിവിധ ജില്ലകളിൽ ഹർത്താൽ ആചരിച്ചു. കൂട്ടക്കൊലയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കുക്കി കൗൺസിൽ സെക്രട്ടറി ഖായ്ഖൊഹൗ ഗാങ്തെ ആവശ്യപ്പെട്ടു. മണിപ്പുർ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പങ്കിനെക്കുറിച്ച് കുക്കി വിഭാഗക്കാരായ ബിജെപി എംഎൽഎമാർ പരാതിപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..