14 December Saturday

കേന്ദ്രസർക്കാരിനെതിരെ 
രൂക്ഷവിമർശവുമായി പ്രതിപക്ഷം ; ഭരണഘടനാചര്‍ച്ച ഇന്നും തുടരും

എം പ്രശാന്ത്‌Updated: Saturday Dec 14, 2024


ന്യൂഡൽഹി
ഭരണഘടനയുടെ 75–ാം വാർഷികം മുൻനിർത്തി ലോക്‌സഭയിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രത്യേകചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷ പാർടികൾ. ഇന്ത്യൻ ഭരണഘടനയോട്‌ സംഘപരിവാറിന്‌ തുടക്കം മുതലുള്ള അസഹിഷ്‌ണുത ഒന്നൊന്നായി പ്രതിപക്ഷം നിരത്തി. മനുസ്‌മൃതി ഭരണഘടനയാക്കാനുള്ള സംഘപരിവാർ നീക്കം നടക്കില്ലെന്നും വ്യക്തമാക്കി. അടിയന്തരാവസ്ഥയടക്കം കോൺഗ്രസ്‌ ഭരണകാലത്തുണ്ടായ ജനാധിപത്യവിരുദ്ധ നടപടികൾ വിശദീകരിച്ച്‌ പിടിച്ചുനിൽക്കാനാണ്‌ ചർച്ചയുടെ ആദ്യം ദിവസം ബിജെപി ശ്രമിച്ചത്‌.

പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങാണ്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പ്രതിപക്ഷത്തുനിന്ന്‌ പ്രിയങ്കാ ഗാന്ധി ആദ്യം സംസാരിച്ചു. അഖിലേഷ്‌ യാദവ്‌ (എസ്‌പി), മഹുവാ മൊയ്‌ത്ര (ടിഎംസി), ആർ സച്ചിതാനന്ദം(സിപിഐ എം), ടി ആർ ബാലു (ഡിഎംകെ), കെ സുബ്ബരായൻ (സിപിഐ), ലല്ലൻ സിങ്‌ (ജെഡിയു), അരവിന്ദ്‌ സാവന്ത്‌ (ശിവസേന–- ഉദ്ധവ്‌) തുടങ്ങിയവർ ചർച്ചയുടെ ആദ്യദിവസം സംസാരിച്ചു. ശനിയാഴ്‌ചയും ചർച്ച തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.
    രാജ്യത്തിന്‌ സുരക്ഷാകവചവും ന്യായകവചവും ഐക്യകവചവും ഒരുക്കുന്നത്‌ ഭരണഘടനയാണെന്നും ഇതെല്ലാം മോദി സർക്കാർ തകർക്കുകയാണെന്നും  പ്രിയങ്ക പറഞ്ഞു.  ഒരൊറ്റ വ്യക്തിക്ക്‌ രാജ്യത്തെ തീറെഴുതുകയാണ്‌. പ്രതിക്ഷത്തെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ വേട്ടയാടുന്നു. ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നു. അടിച്ചമർത്തൽ ഭരണത്തിനെതിരായി പ്രതിപക്ഷം പൊരുതും. –- പ്രിയങ്ക പറഞ്ഞു.

  ഭരണഘടന ഏറ്റവും വെല്ലുവിളി നേരിടുന്ന കാലയളവാണിതെന്ന്‌ സിപിഐ എമ്മിന്റെ ആർ സച്ചിതാനന്ദം പറഞ്ഞു. മതനിരപേക്ഷതയിൽ അധിഷ്‌ഠിതമായ ഭരണഘടനയാണ്‌ ഇന്ത്യയുടേത്‌. ഇത്  തകർത്ത്‌ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിഷ്‌ഠിക്കാനാണ്‌ ശ്രമം.  മന്ത്രിമാരും അധികാരകേന്ദ്രത്തിലുള്ളവരും ഭരണഘടനയെ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ്‌–- സച്ചിതാനന്ദം പറഞ്ഞു.

ജസ്‌റ്റിസ്‌ ലോയയെ
കുറിച്ചുള്ള പരാമർശം: ചർച്ച തടസ്സപ്പെടുത്തി 
ഭരണപക്ഷം
അമിത്ഷായ്ക്കെതിരായ സൊഹ്റാബുദ്ദീൻ ഷെയ്‌ക്ക്‌ വധക്കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചെന്നാരോപിച്ച് ഭരണഘടനാചർച്ച ഭരണപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തി. ലോക്സഭയില്‍ മഹുവാ മൊയ്‌ത്രയുടെ പരാമർശത്തിലാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.  അടിയന്തരാവസ്ഥയെ ചോദ്യംചെയ്‌തുള്ള ജബൽപുർ കേസിൽ ഭിന്നവിധിയെഴുതിയ ജസ്‌റ്റിസ്‌ എച്ച്‌ ആർ ഖന്ന 1976ന്‌ ശേഷം 32 വർഷം കൂടി ജീവിച്ചെന്നും എന്നാൽ ജസ്‌റ്റിസ്‌ ലോയയ്‌ക്ക്‌ വളരെ നേരത്തെ അന്ത്യവിശ്രമത്തിലേക്ക്‌ നീങ്ങേണ്ടി വന്നുവെന്നുമാണ് പറഞ്ഞത്. മഹുവയ്ക്കെതിരെ  അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു  ഭീഷണി ഉയർത്തി. ഇതിൽ  പ്രതിപക്ഷം പ്രതിഷേധിച്ചു.  സ്‌പീക്കറുടെ ചേംബറിലെ ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്ക്‌ ശേഷമാണ്‌ ചർച്ച പുനരാരംഭിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top