ന്യൂഡൽഹി
കേന്ദ്രസർക്കാരിനെതിരെ ശംഭു അതിർത്തിയിൽ മരണംവരെ നിരാഹാരം പ്രഖ്യാപിച്ച കർഷക നേതാവ് ജഗ്ജിത് ദല്ലേവാളിന്റെ ജീവൻ അമൂല്യമാണെന്നും അദ്ദേഹവുമായി കേന്ദ്രം ചർച്ച നടത്തണമെന്നും സുപ്രീംകോടതി നിർദേശം. ദല്ലേവാളിന് വൈദ്യസഹായം നൽകുന്നതിന് സമാധാനപരമായ എല്ലാ നടപടിയും സ്വീകരിക്കേണ്ടത് കേന്ദ്രത്തിന്റെയും പഞ്ചാബ് സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി വരികയാണ്. എന്നാൽ, അടിയന്തരഘട്ടത്തിൽ ഒഴികെ ദല്ലേവാളിന് നിർബന്ധിച്ച് ഭക്ഷണം നൽകി പ്രശ്നം സൃഷ്ടിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ശംഭു അതിർത്തിയിലെ ബാരിക്കേഡ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഹരിയാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർദേശം. അതിർത്തി തുറക്കണമെന്നും അടച്ചിട്ടിരിക്കുന്നത് വൻ സാമ്പത്തിക നഷ്‌ടം വരുത്തുന്നുവെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. സമരവേദി മാറ്റുന്നതിനോ പ്രതിഷേധം തൽക്കാലം നിർത്തിവെക്കുന്നതിനോ വേണ്ട ചർച്ച കർഷകരുമായി നടത്താൻ സുപ്രീംകോടതി രൂപീകരിച്ച സമിതിയോട് ബെഞ്ച് നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..