22 December Sunday
ആയിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി

“രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്ത്രീകൾ രാത്രിയെ വീണ്ടെടുക്കാൻ തെരുവിലിറങ്ങുകയാണ്” ബംഗാളിൽ പ്രതിഷേധം പടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


കൊൽക്കത്ത>  ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ജനരോഷം ശക്തമാവുന്നു.
 പുലരുവോളം സ്ത്രീകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തെ സ്ത്രീകൾ രാത്രിയെ വീണ്ടെടുക്കാൻ തെരുവിലിറങ്ങുകയാണ് എന്നായിരുന്നു പ്രതിഷേധത്തിന്റെ മുദ്രാവാക്യം.

പശ്ചിമബംഗാളിൽ വിവിധ മേഖലകളിൽനിന്നുള്ള ആയിരക്കണക്കിന് സ്ത്രീകൾ ബുധനാഴ്ച രാത്രി തെരുവുകളിൽ എത്തി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ തെരുവുകളിൽ ഒത്തുകൂടി പ്രതിഷേധിച്ചു. രാത്രി 11.55-മുതൽ വ്യാഴാഴ്ച പുലർച്ചവരെയായിരുന്നു പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീ കൂട്ടായ്മകളും പ്രതിഷേധത്തിൽ പങ്കു ചേർന്നു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജറിപ്പോർട്ടുകളാണ് ഇത്തരമൊരു അക്രമത്തിന് വഴിവച്ചതെന്ന ന്യായീകരണവുമായി കൊൽക്കത്ത പോലീസ് കമ്മിഷണർ വിനീത് ​ഗോയൽ രംഗത്ത് എത്തി. കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തിരിക്കയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ 31 കാരി വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്.

ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. എന്നാൽ ബലാത്സംഗത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിദ്യാർത്ഥികളും ഡോക്ടറുടെ ബന്ധുക്കളും ആരോപിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ തുടക്കത്തിൽ ശ്രമമുണ്ടായതും ഇതിന് തെളിവായി അവർ ഉന്നയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top