ന്യൂഡൽഹി > ഡൽഹിയിലെ രോഹിണിയിൽ 72കാരനായ റിട്ടയർഡ് എൻജിനീയറെ വീട്ടിൽ എട്ട് മണിക്കൂർ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പത്ത് കോടി രൂപ തട്ടിയെടുത്തു. പരാതി പ്രകാരം ഡൽഹി പൊലീസിന്റെ സൈബർ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) വിഭാഗം അന്വേഷണം ആരംഭിച്ചു.
പരാതിക്കാരൻ ഭാര്യയോടൊപ്പം രോഹിണി സെക്ടർ പത്തിലാണ് താമസിക്കുന്നത്. തായ്‌വാനിൽ നിന്ന് ഒരു പാഴ്‌സലുമായി ബന്ധപ്പെട്ട് തനിക്ക് ഒരു കോൾ വന്നതായി പരാതിക്കാരൻ പറഞ്ഞു. തന്റെ പേരിലുള്ള പാഴ്‌സൽ മുംബൈ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട് എന്നായിരുന്നു അവരുടെ അറിയിപ്പ്. പാഴ്‌സലിൽ നിരോധിത മയക്കുമരുന്നുണ്ടെന്നും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നോട് സംസാരിക്കുമെന്നും വിളിച്ചയാൾ പറഞ്ഞു.
പിന്നീട് വീഡിയോകോൾ വഴി പൊലീസ് ഉദ്യോഗസ്ഥരെന്ന പേരിൽ തട്ടിപ്പ് സംഘം ബന്ധപ്പെട്ടു. ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു. 10.3 കോടി രൂപ ആവശ്യപ്പെട്ടു. സംഘം നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ പണം അയച്ച് നൽകി. പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് തട്ടിപ്പ് നടന്നത്.
തട്ടിപ്പ് നടത്തിയവർ വിളിച്ചത് വിദേശത്ത് നിന്നാണ്. ഇരയെക്കുറിച്ചുള്ള വിവരങ്ങൾ തട്ടിപ്പുകാർക്ക് നൽകുന്നതിന് ഇന്ത്യയിൽ കൂട്ടാളികളുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പണം കണ്ടെത്തുന്നതിനും കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനുമായി പോലീസും സൈബർ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചുമതലപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..