ന്യൂഡൽഹി > ഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന തീവ്രഹിന്ദുത്വവാദി വി ഡി സവർക്കറെ ഇന്ദിരാ ഗാന്ധി പുകഴ്‌ത്തിയെന്ന് അവകാശപ്പെട്ട് ലോക്‌സഭയിൽ ശിവസേനാ ഷിൻഡെ വിഭാഗം എംപി ശ്രീകാന്ത് ഷിൻഡെ തെളിവു പുറത്തുവിട്ടതോടെ പ്രതിരോധത്തിലായി കോൺഗ്രസ്. സവർക്കറെ വിമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെയാണ് ശ്രീകാന്ത് ഇന്ദിരാ ഗാന്ധിയുടെ കത്ത് പരാമർശിച്ചത്. 1980ൽ പ്രധാനമന്ത്രിയായിരിക്കെ സവർക്കറുടെ ജന്മശതാബ്‌ദി ആഘോഷത്തിലേക്ക് ക്ഷണിച്ച് സവർക്കർ രാഷ്ട്രീയ സ്‌മാരക സെക്രട്ടറി അയച്ച കത്തിന് 1980 മെയ് 20ന് അയച്ച മറുപടിയിൽ സവർക്കർ ഇന്ത്യയുടെ വീരപുത്രനാണെന്നും ബ്രിട്ടീഷ് സർക്കാരിനെതിരായ സവർക്കറുടെ ധീരമായ ചെറുത്തുനിൽപ്പിന് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളതെന്നും കുറിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്ക് വിജയാശംസയും നേര്‍ന്നു.
ഇന്ദിരയുടെ നിലപാടിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ശ്രീകാന്ത് ഷിൻഡെ രാഹുലിനോട് ആരാഞ്ഞു. സവർക്കറെക്കുറിച്ച് എന്താണ് നിലപാടെന്ന് താൻ കുട്ടിയായിരുന്നപ്പോൾ ഇന്ദിരയോട് ചോദിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ബ്രിട്ടീഷുകാരോട് ഒത്തുതീർപ്പുണ്ടാക്കിയ വ്യക്തിയാണ് സവർക്കറെന്നും മാപ്പപേക്ഷിച്ച് അവർക്ക് കത്തയച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു. ഗാന്ധിജിയും നെഹ്‌റുവും ജയിലിൽ പോയപ്പോൾ സവർക്കർ മാപ്പപേക്ഷിച്ചു. ഇതായിരുന്നു ഇന്ദിരയുടെ നിലപാട് –- രാഹുൽ പറഞ്ഞു. അതേസമയം കത്തിനെക്കുറിച്ച് രാഹുലോ കോൺഗ്രസോ പ്രതികരിച്ചില്ല. കത്തിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ പുറത്തുവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..