ന്യൂഡൽഹി
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ 288 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 20ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ 81 സീറ്റുകളിലേക്ക് നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടം. രണ്ടിടത്തും നവംബർ 23ന് വോട്ടെണ്ണും. മഹാരാഷ്ട്രയിൽ 9.63 കോടി വോട്ടർമാർക്കായി 100186 പോളിങ് ബൂത്തുകൾ ഒരുക്കും. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാർക്കായി 29561 ബൂത്തുകളുണ്ടാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.
ജാർഖണ്ഡിൽ ഒന്നാം ഘട്ടത്തിൽ 43 ഉം രണ്ടാം ഘട്ടത്തിൽ 38 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജാർഖണ്ഡിൽ ഒന്നാം ഘട്ടത്തിലെ മണ്ഡലങ്ങളിൽ ഒക്‌ടോബർ 25 വരെയും രണ്ടാം ഘട്ടത്തിലെ മണ്ഡലങ്ങളിൽ 29 വരെയും നാമനിർദേശപത്രികകൾ സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി യഥാക്രമം ഒക്‌ടോബർ 30ഉം നവംബർ ഒന്നുമാണ്. മഹാരാഷ്ട്രയിൽ ഒക്‌ടോബർ 29 വരെ പത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി നവംബർ നാലാണ്. മഹരാഷ്‌ട്രയിൽ നിലവിലെ സർക്കാരിന്റെ കാലാവധി നവംബർ 26ന് അവസാനിക്കും. 2025 ജനുവരി എട്ടുവരെയാണ് ജാർഖണ്ഡ് സർക്കാരിന്റെ കാലാവധി.
മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനാ ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും ഉൾപ്പെടുന്ന സഖ്യവും എൻസിപിയും ശിവസേനയും കോൺഗ്രസും ഉൾപ്പെടുന്ന മഹാവികാസ് അഘാഡിയും തമ്മിലാണ് പ്രധാന മത്സരം. ജാർഖണ്ഡിൽ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ കൂട്ടായ്‌മയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായാണ് പ്രധാന പോരാട്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..