പാലക്കാട്
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാൻ ബിജെപി, ആർഎസ്‌എസ് ജില്ലാ കാര്യാലയത്തിന്റെ വിലാസത്തിലും വ്യാപകമായി വോട്ടുചേർത്തു. ജില്ലക്കാരല്ലാത്ത 26 വോട്ടർമാരെ വ്യാജമായി ചേർത്തിട്ടുണ്ടെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സമന്വയ’ എന്ന പേരിലാണ് ആർഎസ്‌എസ് ജില്ലാ കാര്യാലയം പ്രവർത്തിക്കുന്നത്. ഇതേ വിലാസത്തിലാണ് ഈ വോട്ടർമാരുള്ളത്. കെ സി ദിവാകരൻ, വി പി സുരേഷ്, ശ്രീജിത് എസ് കുമാർ, പി സ്വരാജ്, പോൾ രാജ്, മനോജ്‌കുമാർ, കെ സുഭാഷ്, പി സുഭാഷ്, കെ എസ് പ്രശാന്ത് തുടങ്ങിയവരടക്കമുള്ളവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ ആറിലേറെ പേജിൽ സമന്വയയുടെ പേരിലുള്ള വോട്ടർമാരാണ്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ വോട്ടറായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥിന് പാലക്കാട് മണ്ഡലത്തിലും വോട്ടുണ്ടെങ്കിൽ പരിശോധിക്കണം. ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിന് പട്ടാമ്പിയിലും പാലക്കാടും വോട്ടുണ്ട്. ഇത്തരത്തിൽ വോട്ടുചെയ്യാൻ വരുന്നവർക്കെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. വ്യാജവോട്ടർമാരെ തടഞ്ഞാൽ തിരിച്ചടിക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നത് അവരുടെ രീതിയായിരിക്കാം. ഒറ്റപ്പാലത്തെ വോട്ട് റദ്ദാക്കിയാണ് ഡോ. പി സരിൻ പാലക്കാട് വോട്ടുചേർത്തത്. ഭാര്യയുടെ പേരിലുള്ള വീട്ടിലാണ് വോട്ടുള്ളത്. അതെങ്ങനെ വ്യാജവോട്ടാകും–- സുരേഷ് ബാബു ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..