22 December Sunday
ഹരിയാന, മഹാരാഷ്ട്ര, ഡൽഹി തെരഞ്ഞെടുപ്പുകൾ വരുന്നു

അതിഷി എഎപിയുടെ പുതിയ പോർമുഖം; നീക്കം സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കണ്ണെറിഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ഡൽഹി> മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകിയ ശേഷം മടങ്ങി. ഒപ്പമുണ്ടായിരുന്ന അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും ലഫ്റ്റനൻ്റ് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ച നടത്തി. ഡൽഹി രാഷ്ട്രീയത്തിൽ എഎപിയുടെ പുതു ചുവടായി അതിഷി സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു.

അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് അതിഷിയുടെ പേർ നിർദ്ദേശിച്ചത്. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാവുന്ന വനിതയാണ്.

കെജ്‌രിവാൾ ജയിലിയാതോടെ സർക്കാരിന്റെ പ്രധാനമുഖമായി അതിഷി മാറി. കെജ്‌രിവാളിന്റെ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനും അതിഷി മുന്നിട്ടിറങ്ങി. നിലവിൽ സിസോദിയ കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സുപ്രധാന സ്ഥാനത്തിരിക്കുന്നയാളാണ് അതിഷി.

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായത്. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്. 11 വർഷങ്ങൾക്ക് ശേഷമാണ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത്.

പ്രതിസന്ധികൾക്കൊപ്പം വളർന്ന വനിതാ നേതാവ്

കെജ്‌രിവാൾ മന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രിയാണ് എഎപി മുതിർന്ന നേതാവായ അതിഷി. കൽക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, രാജ്യതലസ്ഥാനത്ത് പാർട്ടിയുടെ വിദ്യാഭ്യാസ നയപരിഷ്കരണം നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ടീമിലെ പ്രധാനിയാണ്.

കെജ്‌രിവാവാളിന്റെ വിശ്വസ്തരായിരുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെയാണ് 43 കാരിയായ അതിഷി മന്ത്രി സഭയിൽ എത്തുന്നത്. പിന്നീട് സുപ്രധാന വകുപ്പുകൾ അതിഷിക്ക് കൈകാര്യം ചെയ്യേണ്ടതായി വന്നു. വിദ്യാഭ്യാസം, ടൂറിസം, കല, സാംസ്കാരികം, ഭാഷ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി എന്നീ വകുപ്പുകൾ നിലവിൽ അതിഷി കൈകാര്യം ചെയ്യുന്നുണ്ട്.

അതിഷി മർലീന മാക്സിസ്റ്റ് ലെനിനിസ്റ്റ്

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള പ്രശസ്തമായ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നാണ് അതിഷി ബിരുദം സ്വന്തമാക്കുന്നത്. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി.

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ആക്ടിവിസ്റ്റ് എന്ന നിലയിലായിരുന്നു അതിഷി ശ്രദ്ധ നേടുന്നത്. പുനരുപയോഗിക്കുന്ന ഊര്‍ജത്തിന്റെ ഉപയോഗം, അന്തരീഷ മലീനീകരണം, ഡല്‍ഹിയിലെ അന്തരീക്ഷ പ്രശ്‌നങ്ങള്‍ എന്നിവയിലും അതിഷി കാര്യമായി ഇടപെടല്‍ നടത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച അതിഷി, ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിഷയങ്ങളിലെ ഉപദേശക എന്ന നിലയിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. 2020ല്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി കല്‍കാജ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ അതിഷി 2023 മാര്‍ച്ചിലാണ് കെജ് രിവാള്‍ മന്ത്രിസഭയില്‍ എത്തുന്നത്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ അതിഷിക്ക് ലഭിച്ച സ്വീകര്യത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിലും അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിലും 'ഹാപ്പിനസ് കരിക്കുലം', 'എന്റര്‍പ്രണര്‍ഷിപ്പ് മൈന്‍ഡ്‌സെറ്റ് കരിക്കുലം' തുടങ്ങിയ നൂതന പരിപാടികള്‍ അവതരിപ്പിക്കുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് എന്ന നിലയിലും അതിഷിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ വിജയ് സിംഗ്, ത്രിപ്ത വാഹി എന്നിവരുടെ മകളായി 1981 ജൂണ്‍ 8 നായിരുന്നു അതിഷിയുടെ ജനനം. ഡല്‍ഹിയിലെ ഒരു അക്കാദമിക് കുടുംബമായിരുന്നു അതിഷിയുടേത്. തങ്ങള്‍ പിന്തുടര്‍ന്ന പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായി മാര്‍ക്സ്, ലെനിന്‍ എന്നീ പേരുകളുടെ മിശ്രിതമായ 'മാര്‍ലീന' എന്ന മധ്യനാമം കൂടി കുടുംബം അതിഷിക്ക് നല്‍കി. 2018-ല്‍ മര്‍ലീന എന്നത് അതിഷി തന്റെ പേരില്‍ നിന്നും നീക്കി.

എതിരാളികൾ അകത്ത് നിന്നു തന്നെ

മുഖ്യമന്ത്രി അതിഷിയ്‌ക്കെതിരായി വിവാദ പരാമർശവുമായി എഎപി എംപി സ്വാതി മലിവാൾ രംഗത്ത് എത്തിയതും കൌതുകമായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ വിമര്‍ശനം. മനുഷ്യാവകാശ ജനാധിപത്യ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള അതിഷിയുടെ രക്ഷിതാക്കളെ മുൻനിർത്തിയായിരുന്നു സ്വാതിയുടെ പരാമർശം.

വിവാദങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സ്വാതി മലിവാൾ ഇപ്പോഴും രാജ്യസഭാ എംപിയാണ്. എഎപിയാണ് അവരെ രാജ്യസഭയിൽ എത്തിക്കുന്നത്. അതിഷിയ്ക്ക് ശേഷം പ്രതീക്ഷിക്കപ്പെട്ട വ്യക്തിത്വമായിരുന്നു സ്വാതിയുടേത്. പക്ഷെ ബിജെപിയുടെ കയ്യിലെ പാവയാണെന്ന ആരോപണം ഏറ്റുവാങ്ങി.

എ.എ.പിയുടെ മുതിര്‍ന്ന നേതാവ് ദിലീപ് പാണ്ഡേ പ്രതികരിച്ചത് ഇങ്ങനെയാണ്. സ്വാതിക്ക് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത് എ.എ.പിയില്‍നിന്നാണ്. പ്രതികരിക്കാനുള്ള തിരക്കഥ ബി.ജെ.പിയില്‍നിന്ന് കൈപ്പറ്റുകയാണ് . അവര്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ രാജ്യസഭ എം.പി. സ്ഥാനം രാജിവെക്കണം. ബി.ജെ.പി. ടിക്കറ്റില്‍ രാജ്യസഭയിലേക്കുള്ള വഴി കണ്ടെത്തണം. അവര്‍ രാജ്യസഭയിലിരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ബി.ജെ.പിയില്‍നിന്ന് ടിക്കറ്റ് സ്വീകരിക്കണം.”

സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കണ്ണുംനട്ട്

അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. അത് നേരത്തെ ആക്കണമെന്നാണ് എഎപി ആവശ്യം. നവംബറിൽ നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഡൽഹിയേയും പരിഗണിക്കണമെന്നാണ് എഎപിയുടെ ആവശ്യം.

ഹരിയാണയിലും ഡൽഹിയിലും സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കെജ്‌രിവാളിന്‍റെ നീക്കം. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനകീയ കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിച്ച ശേഷം പദവിയിലേക്ക് എന്നാണ് ഇരുവരും വിശദീകരിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top