ന്യൂഡൽഹി
ബംഗ്ലാദേശ് രൂപീകരണത്തിന് ഇടയാക്കിയ ഇന്ത്യയുടെ യുദ്ധവിജയത്തിന്റെ പ്രതീകമായ ഫോട്ടോ കരസേന മേധാവിയുടെ ഓഫീസിൽനിന്ന് നീക്കിയെന്ന് റിപ്പോർട്ട്. 1971 ഡിസംബർ 16ന് പാകിസ്ഥാൻ സേന കീഴടങ്ങൽ കരാറിൽ ഒപ്പിടുന്നതിന്റെ ഫോട്ടോയാണ് ദശകങ്ങളായി കരസേന മേധാവിയുടെ ഓഫീസിൽ സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞദിവസം ഇന്ത്യ സന്ദർശിച്ച നേപ്പാൾ സൈനിക മേധാവിയെ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി ഓഫീസിൽ സ്വീകരിക്കുന്ന ചിത്രത്തിൽ ഈ ഫോട്ടോയില്ല. കിഴക്കൻ ലഡാക്കിന്റെ കാവി പൂശിയ പശ്‌ചാത്തലത്തിൽ ‘തേരിൽ സഞ്ചരിക്കുന്ന സൈനികന്റെ ഛായാചിത്രം’ ആണ് പകരമുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സേനാവക്താക്കളോ സർക്കാരോ പ്രതികരിച്ചിട്ടില്ല.
ഫോട്ടോ നീക്കിയത് ദുഃഖകരമാണെന്നും ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ സ്‌മരണയായിരുന്നു ഇതെന്നും മുൻ മേജർ ജനറൽ യഷ് മോർ പ്രതികരിച്ചു. ഇന്ത്യ നേടിയ പ്രമുഖ സൈനികവിജയത്തിനുമേൽ മതത്തെയും മിത്തിനെയും പ്രതിഷ്‌ഠിക്കുകയാണെന്ന് മുൻ ലഫ്. ജനറൽ എച്ച് എസ് പനാഗ് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..