ന്യൂഡൽഹി
മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യം നിലനിർത്തണമെങ്കിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന ‘ത്യാഗം’ സഹിക്കണമെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെയാണ് ഇക്കാര്യം പറഞ്ഞത്. സഖ്യം നിലനിർത്തണമെങ്കിൽ മുഖ്യമന്ത്രി ഷിൻഡെയ്‌ക്ക് തുറന്നതും ത്യാഗം ചെയ്യാനുള്ള മനസ്സും വേണം. മുഖ്യമന്ത്രിപദം ഏറ്റവും ഉയർന്നതാണ്. ബിജെപി മത്സരിച്ച സീറ്റുകൾ ബിജെപി തന്നെ മത്സരിക്കും. വലിയ പാർടിയെന്ന നിലയിൽ മത്സരിക്കാൻ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. –-അദ്ദേഹം പറഞ്ഞു. 288 സീറ്റുള്ള സഭയിൽ 2019ൽ 166 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ഷിൻഡെ പക്ഷം 107 സീറ്റാണ് ബിജെപി കേന്ദ്രനേതൃത്വത്തോട് ചോദിച്ചത്. അജിത് പവാറിന്റെ വിമത എൻസിപി 60 സീറ്റ് ലക്ഷ്യമിടുന്നു.
അതിനിടെ 260 സീറ്റിൽ മഹാവികാസ് അഘാഡി കക്ഷികൾ സമവായത്തിൽ എത്തിയതായി പിസിസി പ്രസിഡന്റ് നാനാപടോളെ പറഞ്ഞു. സീറ്റ് ചർച്ചയിൽ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി അഖിലേഷ് വിഷയം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ കൂട്ടായ്‌മയുടെ ഒപ്പം മത്സരിക്കാനാണ് ആഗ്രഹമെന്ന് അഖിലേഷ് വ്യക്തമാക്കി. പന്ത്രണ്ട് സീറ്റാണ് എസ്‌പി ആവശ്യപ്പെടുന്നത്.
എഎപി ഇന്ത്യ കൂട്ടായ്‌മയെ
പിന്തുണയ്‌ക്കും
ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർടി മത്സരിക്കില്ല. പകരം ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തലസ്ഥാന നഗരിയിൽ സംഘടനാപ്രവർത്തനം സജീവമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എഎപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി തനിച്ച് മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റിലും ജയിക്കാനായില്ല. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും മത്സരിക്കാതെ ബിജെപിയെ തോൽപ്പിക്കുന്നതിനായി ഇന്ത്യ കൂട്ടായ്‌മയെ ശക്തിപ്പെടുത്താനാണ് എഎപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. എഎപിയുടെ മഹാരാഷ്ട്ര ഘടകത്തിന് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം അനുമതി നൽകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..