ഇംഫാൽ
കലാപം ശമിക്കാത്ത മണിപ്പുരിൽ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബിരേൻ സിങ്ങിനെതിരെ പാളയത്തിൽപട. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 19 ബിജെപി എംഎൽഎമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്‌തു. സ്പീക്കറും മന്ത്രിമാരും ഒപ്പിട്ടവരിൽ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
സുരക്ഷാ സേനയെ വിന്യസിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. സംഘര്‍ഷം നീളുന്നത് രാജ്യത്തിന് അപരിഹാര്യമായ കേടുപാടുകളുണ്ടാക്കും. സമാധാനം പുനസ്ഥാപിക്കാൻ പരാജയപ്പെട്ട മുഖ്യമന്ത്രിയെ മാറ്റുകയാണ് ഏകപോംവഴി. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ രാജിവയ്‌ക്കാൻ ജനങ്ങള്‍ തങ്ങളോട് ആവശ്യപ്പെടുകയാണെന്നും കത്തിൽ പറയുന്നു. മെയ്‌തെയ്, കുക്കി, നാഗ എംഎൽഎമാര്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രശ്നപരിഹാര ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കത്തുപുറത്തുവന്നത്. ബുധനാഴ്ച അഞ്ചു ബിജെപി എംഎൽഎമാര്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..