ന്യൂഡൽഹി
പഞ്ചാബ്–- ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർക്ക് അവരുടെ ആവശ്യങ്ങൾ നേരിട്ടറിയിക്കാമെന്ന് സുപ്രീംകോടതി. കോടതി നിശ്ചയിച്ച ഉന്നതാധികാര സമിതിയോട് കർഷക സംഘടനകൾ നിസ്സഹകരിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
കർഷകർക്കായി സുപ്രീംകോടതിയുടെ വാതിൽ തുറന്നുകിടക്കുകയാണെന്നും നിർദേശങ്ങൾ നേരിട്ട് കോടതിയെ അറിയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ആവശ്യങ്ങളെ ബഹുമാനത്തോടെ കാണും. എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ പരിശ്രമിക്കുമെന്നും കോടതി പറഞ്ഞു. അതിർത്തി തുറക്കാൻ നിർദേശം നൽകണമെന്ന ഹരിയാന സർക്കാരിന്റെ ഹർജിയിലാണ് നിർദേശം. അനിശ്ചിതകാല നിരാഹാരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കാൻ പഞ്ചാബ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.
വൈദ്യസഹായം സ്വീകരിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും നിരാകരിച്ചെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് കോടതിയെ അറിയിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാൻ പഞ്ചാബ് ശ്രമിക്കാമെന്നും എജി പറഞ്ഞു. ന്യായമായ ആവശ്യങ്ങളിൽ ഒത്തുതീർപ്പിന് കോടതി ശ്രമിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് മറുപടി നൽകി. ദല്ലേവാളിന്റെ ജീവൻ രക്ഷിക്കാൻ പഞ്ചാബ് ഉടൻ നടപടി സ്വീകരിക്കണം. പ്രത്യാഘാതത്തെക്കുറിച്ച് പഞ്ചാബിന് ബോധ്യം വേണം–- കോടതി പറഞ്ഞു. ദല്ലേവാളിന്റെ ജീവൻ രക്ഷിക്കാൻ കർഷകരും വേണ്ടത് ചെയ്യണമെന്നും അഭ്യർഥിച്ചു. വ്യാഴാഴ്‌ചയും വിഷയം പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..