08 September Sunday

പലസ്‌തീൻ ഐക്യദാർഢ്യം: 
കേസുകൾ പിൻവലിക്കണം– സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ന്യൂഡൽഹി
മുഹറം ഘോഷയാത്രകളിൽ പലസ്‌തീൻ പതാക വീശിയവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ജമ്മു കശ്‌മീർ, ബിഹാർ, മധ്യപ്രദേശ്‌, ജാർഖണ്ഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ മുഹറം ഘോഷയാത്രകൾക്കിടയിൽ പലസ്‌തീന്‌ ഐക്യദാർഢ്യമായി പതാകകൾ വീശിയവർക്ക്‌ എതിരെ കേസുകളെടുത്തതായാണ്‌ റിപ്പോർട്ട്‌. ബിജെപി, വിഎച്ച്‌പി നേതാക്കളുടെ പരാതികളിൽ യുഎപിഎയിലെയും ഭാരതീയ ന്യായസംഹിതയിലെയും (ബിഎൻഎസ്‌) മാരകമായ വകുപ്പുകൾ ചുമത്തിയാണ്‌ കേസുകളെടുത്തിട്ടുള്ളത്‌.

ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമാണ്‌ കൂടുതലായും ഇത്തരം കേസുകൾ. പലസ്‌തീൻ രാഷ്ട്രത്തെ പിന്തുണയ്‌ക്കുന്നതായി ബിജെപി സർക്കാർ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇതുപോലെയുള്ള നടപടികൾ അവരുടെ യഥാർഥമുഖം വെളിപ്പെടുത്തുന്നു. ഇന്ത്യൻ ജനത പലസ്‌തീന്‌ ഐക്യദാർഢ്യം അറിയിക്കുന്നത്‌ അവർക്ക്‌ സഹിക്കാൻ കഴിയുന്നില്ലെന്നതാണ്‌ വസ്‌തുത.

പലസ്‌തീന്‌ ഐക്യദാർഢ്യം അറിയിച്ചതിന്റെ പേരിലെടുത്ത കേസുകൾ ഉടൻ റദ്ദാക്കണം, അറസ്‌റ്റ്‌ ചെയ്യുകയോ കസ്‌റ്റഡിയിൽ എടുക്കുകയോ ചെയ്‌ത എല്ലാവരേയും മോചിപ്പിക്കണം. കേന്ദ്രസർക്കാർ നിസംശയം പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അധിനിവേശമേഖലകളിൽനിന്നും എത്രയുംവേഗം പിൻമാറാനും കിഴക്കൻജെറുസലേം തലസ്ഥാനമാക്കി പലസ്‌തീന്‌ രാഷ്ട്രപദവി പുനഃസ്ഥാപിക്കാനും ഇസ്രയേലിനോട്‌ ആവശ്യപ്പെടണമെന്നും  സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top