ന്യൂഡൽഹി
ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ജാർഖണ്ഡ് സർക്കാർ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യഹർജി ഫയൽ ചെയ്‌തു. നിയമനം കേന്ദ്രം മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നിയമവകുപ്പ് സെക്രട്ടറി രാജീവ് മണി കേന്ദ്രത്തിനെതിരെ കോടതിഅലക്ഷ്യം ഫയൽ ചെയ്‌തത്.
ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനപ്രക്രിയ മൂന്നോ നാലോ ആഴ്‌ച്ചകൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന 2021 ഏപ്രിൽ 20ലെ സുപ്രീംകോടതിയുടെ മാർഗരേഖ കേന്ദ്രം അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
2023 ഡിസംബർ മുതൽ ജാർഖണ്ഡ് ഹൈക്കോടതിയെ നയിക്കുന്നത് ആക്‌റ്റിങ് ചീഫ് ജസ്‌റ്റിസാണ്. ഒഡീഷാ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ബി ആർ സാരംഗിയെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കാമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തിരുന്നു. ആറുമാസം വൈകിപ്പിച്ചശേഷം ജൂലൈ മൂന്നിന് കേന്ദ്രസർക്കാർ നിയമനഉത്തരവിറക്കി. എന്നാൽ, കേവലം 15 ദിവസം ചീഫ് ജസ്‌റ്റിസ് പദവിയിൽ ഇരുന്നശേഷം ജസ്‌റ്റിസ് ബി ആർ സാരംഗി വിരമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..