23 December Monday

അന്താരാഷ്ട്ര ചലച്ചിത്രമേള ; പ്രഭകെട്ട് പനോരമത്തുടക്കം , മുഖ്യമന്ത്രി എത്താൻ വൈകിയതിനാൽ പ്രദര്‍ശനം ഒരു മണിക്കൂർ വൈകി

ഡോ. ജിനേഷ് കുമാർ എരമംUpdated: Friday Nov 22, 2024

പനാജിയില്‍ രാജ്യാന്തരചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ 
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലി, ചലച്ചിത്രപ്രവര്‍ത്തകരായ ഖുശ്ബു, സുഹാസിനി, വാണി ത്രിപാഠി തുടങ്ങിയവര്‍

 

പനാജി
ഗോവയിൽ ഇന്ത്യയുടെ അമ്പത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയ്‌ക്ക് നിറംകെട്ട തുടക്കം. ഉദ്ഘാടകനായ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എത്താൻ വൈകിയതിനാൽ പ്രദര്‍ശനം ഒരു മണിക്കൂർ വൈകി. കാത്തിരുന്ന് മടുത്ത പ്രേക്ഷകർ ബഹളം വയ്‌ക്കുകയും കൂവിവിളിക്കുകയും ചെയ്‌തു.  ജൂറി അംഗങ്ങൾക്കും സംവിധായകനും മുഖ്യമന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തത് പ്രേക്ഷകർക്ക് പുറംതിരിഞ്ഞുനിന്നാണ്. അതോടെ  ബഹളം ഉച്ചസ്ഥായിയിലായി.

സമയക്രമം തെറ്റിയത് തുടര്‍ന്നുള്ള പ്രദര്‍ശനങ്ങളെ ബാധിച്ചു. ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്കുപോലും തിയറ്ററില്‍ കയറാനായില്ല. പച്ചയായ സംഘപരിവാർ പ്രചാരണം നിർവഹിക്കുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ആയിരുന്നു പനോരമയുടെ ഉദ്ഘാടനചിത്രം. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധാനം ചെയ്‌ത ചിത്രം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പരിഹാസ്യ കഥാപാത്രമായാണ് ചിത്രീകരിക്കുന്നത്. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ശിക്ഷയില്‍ ഇളവുനേടിയ സവർക്കറെ വെള്ളപൂശുന്ന സിനിമ മുസ്ലിം വിരോധവും ഹിംസയും ഹിന്ദുത്വ രാഷ്ട്രമെന്ന ആശയവും ഉയർത്തിപ്പിടിക്കുന്നു.

അന്താരാഷ്ട്ര പ്രശസ്തമായ ചലച്ചിത്രമേളയെ വർഗീയ പ്രചാരണത്തിനുള്ള ഉപാധിയാക്കി നിറംകെടുത്തുന്നതിൽ ​ മേളയുടെ സ്ഥിരം പ്രതിനിധികൾക്ക് അമർഷമുണ്ട്. ഒരു മണിക്കൂർ യാത്രാദൂരമുള്ള മഡ്ഗാവിലാണ് പല ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്. നല്ല പല ചിത്രങ്ങളും ഒറ്റത്തവണയേ പ്രദർശിപ്പിക്കുന്നുള്ളൂ. മേളയുടെ രണ്ടാംദിനമായ വ്യാഴാഴ്ച മലയാളചിത്രമായ ഭ്രമയുഗം, കനി കുസൃതി അഭിനയിച്ച, കാന്‍ മേളയില്‍ ശ്രദ്ധിക്കപ്പെട്ട  ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', പലസ്തീൻ അഭയാർഥികളുടെ കഥപറയുന്ന ‘റ്റു എ ലാൻഡ്‌ അൺനോൺ', മൃണാൾ സെന്നിനെക്കുറിച്ചുള്ള ‘പദാതിക്' എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top