22 December Sunday

ഗുജറാത്തിൽ വ്യാജ കോടതി ; ‘ജഡ്‌ജിയും ഗുമസ്‌തരും’
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ വ്യാജ കോടതിയില്‍


അഹമ്മദാബാദ്‌
ഗുജറാത്തിലെ അഹമ്മദാബാദിൽ അഞ്ച്‌ വർഷമായി  വ്യാജ കോടതി നടത്തി നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരും അറസ്‌റ്റിൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിവന്നത്‌. ഭൂമിത്തര്‍ക്ക കേസുകളാണ് പ്രധാനമായും തീര്‍പ്പാക്കിയിരുന്നത്. യഥാർഥ കോടതിയുടേതിന്‌ സമാനമായ ഓഫീസും ഗുമസ്‌തൻമാരും പരിചാരകരുമെല്ലാം ഗാന്ധിനഗറിലെ വ്യാജ കോടതിയിൽ ഉണ്ടായിരുന്നു. നഗരത്തിലെ സിവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന ഭൂമിത്തര്‍ക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.

ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേനയാണ് കക്ഷികളെ ബന്ധപ്പെട്ടത്.  ഇത്തരം കേസുകള്‍ അനുകൂലമായി തീര്‍പ്പാക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നതായിരുന്നു രീതി. കേസുകള്‍ അനുകൂലമായി പരിഹരിച്ചതായി കാണിച്ച്‌ വ്യാജ ഉത്തരവ് നൽകും. ജില്ലാ കലക്‍ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇവിടെനിന്ന് പുറപ്പെടുവിച്ചിരുന്നു.

വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പൊലീസിന്‌ മുന്നിലെത്തുന്നത്‌. ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ‘ജഡ്‌ജി’യെയും ‘ഗുമസ്‌തൻ’മാരെയും അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. അഞ്ച്‌ വർഷമായി നഗരത്തിൽ വ്യാജ കോടതി പ്രവർത്തിച്ചത് പൊലീസിനും സംസ്ഥാന സർക്കാരിനും നാണക്കേടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top