24 December Tuesday

കെ സി വേണുഗോപാൽ ; എത്ര തോറ്റാലും പഠിക്കാത്ത 
സംഘടനാ ജനറൽ സെക്രട്ടറി ; അടവുപിഴച്ച് 
പ്രശാന്ത് കിഷോര്‍

സ്വന്തം ലേഖകൻUpdated: Sunday Nov 24, 2024


ന്യൂഡൽഹി
നിരന്തരമായ തോൽവികളുടെ ഉരുൾപൊട്ടലുണ്ടായിട്ടും കോൺഗ്രസ്‌  സംഘടനാ ജനറൽ സെക്രട്ടറിയെന്ന വലിയ ഉത്തരവാദിത്തമുള്ള പദവിയിൽ ലജ്ജയില്ലാതെ കടിച്ചുതൂങ്ങി കെ സി വേണുഗോപാൽ. ഹിന്ദി ഹൃദയഭൂമിയുടെ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത വേണുഗോപാലിനെ എന്തിനാണ്‌ സോണിയ കുടുംബം സംരക്ഷിക്കുന്നതെന്ന വലിയ ചോദ്യവും കോൺഗ്രസിൽ ശക്തം.

ഹരിയാനയിലെ ദയനീയ തോൽവിക്കുശേഷം ‘കാസ്‌റ്റിങ്‌ കൗച്ച്‌’ ആരോപണവും വേണുഗോപാലിനെതിരെ ഉണ്ടായി. വേണുഗോപാൽ താൽപ്പര്യമെടുത്ത്‌ നിർത്തിയ വനിതാ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക്‌ ദയനീയമായി പിന്തള്ളപ്പെട്ടതോടെയാണ്‌ മുതിർന്ന മാധ്യമപ്രവർത്തകൻ കാസ്റ്റിങ്‌ കൗച്ച്‌ ആക്ഷേപം ഉയർത്തിയത്‌. ആരോപണം ഖണ്ഡിക്കാനോ നിയമനടപടിക്കോ വേണുഗോപാലോ കോൺഗ്രസ്‌ നേതൃത്വമോ തയ്യാറായിട്ടില്ല. മഹാരാഷ്ട്ര നിർണായകമായ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുമ്പോൾ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച്‌ അവിടെ കേന്ദ്രീകരിക്കുന്നതിനുപകരം വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ മേൽനോട്ടത്തിന്റെ തിരക്കിലായിരുന്നു വേണുഗോപാൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം വളരെ ആസൂത്രിതമായി ബിജെപി സഖ്യം നീങ്ങിയപ്പോൾ ദിശതെറ്റിയ നിലയിലായിരുന്നു പ്രതിപക്ഷ സഖ്യത്തിലെ മുഖ്യപാർടിയായ കോൺഗ്രസ്‌. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ‘ഗുഡ്‌ബുക്കി’ൽ പിൻവാതിലിലൂടെ കയറിപ്പറ്റിയത്‌ കൊണ്ടുമാത്രമാണ്‌ വേണുഗോപാലിന്‌ സ്ഥാനചലനം സംഭവിക്കാത്തത്‌.

അടവുപിഴച്ച് 
പ്രശാന്ത് കിഷോര്‍
ജന്‍ സുരാജ് എന്ന പുതിയ പാര്‍ടിയുണ്ടാക്കി ബിഹാറിൽ കന്നിയങ്കത്തിന് ഇറങ്ങിയ  തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് അടിമുടി പിഴച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന നാല്‌ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും വന്‍ തോൽവിയേറ്റുവാങ്ങി. രണ്ടുവര്‍ഷം ബിഹാറിലുടനീളം യാത്ര നടത്തിയശേഷം ഒക്ടോബര്‍ രണ്ടിന് ​ഗാന്ധിജയന്തി ദിനത്തിലാണ് പ്രശാന്ത് കിഷോര്‍ പാര്‍ടി രൂപീകരിച്ചത്. 2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ലിറ്റ്മസ് ടെസ്റ്റ് മാത്രമാണെന്നുമാണ് 
പ്രശാന്ത് കിഷോര്‍ പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top