ന്യൂഡൽഹി
മണിപ്പുർ വംശീയകലാപത്തിൽ പങ്കുള്ള മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി വിഭാഗത്തിൽപ്പെട്ട 10 എംഎൽഎമാർ രംഗത്തുവന്നതോടെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സംയുക്ത പ്രസ്‌താവന ഇറക്കിയ എംഎൽഎമാരിൽ ഒൻപതുപേരും ബിജെപിക്കാരാണ്. ഒരാൾ എൻഡിഎയിൽനിന്ന് പിന്മാറിയ കുക്കി പീപ്പിൾസ് അലയൻസിന്റെ എംഎൽഎയും.
ബീരേൻസിങ്ങും അക്രമിസംഘത്തിൽപ്പെട്ടവരും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നു. ബീരേൻസിങ്ങിനെയാണ് ആദ്യം അറസ്‌റ്റുചെയ്യേണ്ടതെന്ന് എംഎൽഎമാർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകൾ ലംഘിച്ചാണ് ബീരേൻസിങ് പ്രവർത്തിച്ചതെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നതായും എംഎൽഎമാർ പറഞ്ഞു. കുക്കി വിഭാഗത്തിന് മണിപ്പുരിൽ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കണമെന്ന ആവശ്യവും ആവർത്തിച്ചു.
കഴിഞ്ഞ വർഷം മെയ് മൂന്നിന് കലാപം ആരംഭിച്ചതുമുതൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും അക്രമസംഭവങ്ങളിൽ പങ്കാളിത്തവും വ്യക്തമാക്കുന്ന ഒട്ടേറെ തെളിവുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയ ബീരേൻസിങ്ങിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരും ബിജെപി ദേശീയ നേതൃത്വവും എടുത്തത്. മണിപ്പുർ സമാധാനവും സാധാരണ ജനജീവിതവും തിരിച്ചുവരാത്ത സാഹചര്യത്തിൽ കുക്കി എംഎൽഎമാരുടെ ആവശ്യം തള്ളുക ബിജെപി നേതൃത്വത്തിന് ബുദ്ധിമുട്ടാണ്. ബീരേൻസിങ്ങിനെ മാറ്റിയാൽ നടപടി വൈകിയതിനും ഉത്തരം പറയേണ്ടിവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..