27 December Friday

വ്യവസായ ആവശ്യങ്ങൾക്കുള്ള സ്‌പിരിറ്റ്‌ ഉൽപ്പാദനം ; അധികാരം
 സംസ്ഥാനങ്ങൾക്ക് : സുപ്രീംകോടതി

എം അഖില്‍Updated: Thursday Oct 24, 2024


ന്യൂഡൽഹി
വ്യവസായ ആവശ്യങ്ങൾക്കുള്ള സ്‌പിരിറ്റിന്റെ ഉൽപ്പാദനം, സംഭരണം, വിതരണം തുടങ്ങിയവ നിയന്ത്രിക്കാൻ  സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. ഈ കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾക്ക്‌ നിയമനിർമാണങ്ങൾ നടത്താം. വ്യവസായ ആവശ്യങ്ങൾക്കുള്ള സ്‌പിരിറ്റിനുമേൽ നികുതി ചുമത്താനും തടസ്സമില്ല–- ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാബെഞ്ച് വിധിച്ചു. ഒമ്പതംഗബെഞ്ചിൽ ജസ്റ്റിസ്‌ ബി വി നാഗരത്ന മാത്രം വിയോജിച്ച്‌ ഭിന്നവിധി പുറപ്പെടുവിച്ചു.

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന പട്ടികയിലെ ‘ലഹരി പിടിപ്പിക്കുന്ന മദ്യം’ എന്ന എൻട്രിയിൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള സ്‌പിരിറ്റും ഉൾപ്പെടുമെന്നാണ്‌ ഭൂരിപക്ഷ വിധിയിലെ നിരീക്ഷണം. ‘ലഹരി പിടിപ്പിക്കുന്ന മദ്യം’ എന്നാൽ അതിൽ കുടിക്കാൻ പറ്റുന്ന സ്‌പിരിറ്റും കുടിക്കാൻ പറ്റാത്ത സ്‌പിരിറ്റും ഉൾപ്പെടും. ഈ എൻട്രിയിൽ കുടിക്കാൻ പറ്റുന്ന മദ്യമേ ഉൾപ്പെടുന്നുള്ളുവെന്ന കേന്ദ്രസർക്കാർ വാദം ശരിയല്ല. എല്ലാതരത്തിലുമുള്ള മദ്യങ്ങളുടെയും ഉൽപ്പാദനം, സംഭരണം, ഗതാഗതം, വിൽപ്പന തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനങ്ങളുടെ അധീനതയിലാകുന്നതാണ്‌ പൊതുജനതാൽപര്യത്തിന്‌ നല്ലതെന്നും ഭൂരിപക്ഷ വിധിയിൽ ജഡ്‌ജിമാർ ചൂണ്ടിക്കാട്ടി. 

സിന്തറ്റിക്‌സ്‌ ആൻഡ്‌ കെമിക്കൽസ്‌ ലിമിറ്റഡ്‌ കേസിലെ (1990) ഏഴംഗബെഞ്ചിന്റെ ഉത്തരവ്‌ റദ്ദാക്കിയാണ്‌ സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകി സുപ്രീംകോടതി ഉത്തരവിട്ടത്‌. വ്യവസായ  മദ്യത്തിന്റെയും മാറ്റങ്ങൾ വരുത്തിയ സ്‌പിരിറ്റിന്റെയും ഉൽപ്പാദനവും വിതരണവും നിയന്ത്രിക്കാൻ സംസ്ഥാനത്തിന്‌ അധികാരമില്ലെന്ന്‌ ആയിരുന്നു 1990ലെ വിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top