23 December Monday

ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021



ന്യൂഡൽഹി
ഡിജിറ്റൽ മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഇന്റര്‍നെറ്റ് അധിഷ്ഠിത സിനിമാ-സീരിയല്‍ പ്രദര്‍ശനത്തെയും(ഒടിടി)നിയന്ത്രിക്കാൻ കർശന മാർഗനിർദേശമിറക്കി കേന്ദ്രസർക്കാർ. സാമൂഹ്യമാധ്യമങ്ങളെ ഐടി, ഇലക്‌ട്രോണിക്‌സ്‌ മന്ത്രാലയവും ഡിജിറ്റല്‍ മാധ്യങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും നിയന്ത്രിക്കും. സേവനദാതാക്കള്‍ സ്വയം നിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഉള്ളടക്കത്തെ കുറിച്ചുള്ള പരാതി പരിഹരിക്കാൻ സ്ഥാപനങ്ങളും സേവനദാതാക്കളും ചുമതലക്കാരനെ നിശ്‌ചയിക്കണം. പരാതി കിട്ടിയാല്‍ 24 മണിക്കൂറിനകം രസീത്‌ നൽകണം. 15 ദിവസത്തിനകം പരിഹരിക്കണം.

വ്യക്തികളുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ ലൈംഗികഅതിക്രമ, അശ്ലീല സ്വഭാവമുള്ള ഉള്ളടക്കത്തെക്കുറിച്ച്‌ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കം ചെയ്യുകയോ മറ്റുള്ളവർ കാണുന്നത്‌ തടയുകയോ വേണം. വൻകിട സാമൂഹ്യമാധ്യമ സ്ഥാപനങ്ങൾ അധിക നിരീക്ഷണ–-പരാതിപരിഹാര സംവിധാനം ഏർപ്പെടുത്തണം. നിയമനടപടികളുടെ ഏകോപനത്തിന്‌ 24 മണിക്കൂർ സംവിധാനം വേണം. ഇതിന്റെ ചുമതലക്കാരൻ ഇന്ത്യയിൽ തങ്ങണം. ആക്ഷേപകരമായ പോസ്റ്റിട്ട ആദ്യത്തെയാളുടെ പേര് സാമൂഹ്യമാധ്യമങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഒടിടി പരിപാടികളുടെ ഉള്ളടക്കം പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാക്കണം. എല്ലാവർക്കും കാണാവുന്നത്‌, ഏഴ്‌ വയസ്സുമുതല്‍ മുകളില്‍, 13 മുതൽ മുകളില്‍, 16 മുതൽ മുകളില്‍, പ്രായപൂർത്തിയായവർ എന്ന വിധം‌ തരംതിരിക്കണം. ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്താപരിപാടികളുടെ ഉള്ളടക്കം പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌ നിയന്ത്രണനിയമം എന്നിവയുടെ പരിധിയിൽ വരും. പരാതികൾ പരിഹരിക്കാൻ പ്രസാധകർ ചുമതലക്കാരനെ നിയോഗിക്കണം. പ്രസാധകരുടെ പൊതുവേദിക്ക്‌ സ്വയംനിയന്ത്രണ സമിതി രൂപീകരിക്കാം. 

വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെയോ, ഹൈക്കോടതി ജഡ്‌ജിയുടെയോ മറ്റേതെങ്കിലും പ്രഗത്ഭ വ്യക്തിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ആറ്‌ പേർ വരെയാകാം. വാർത്താവിതരണ മന്ത്രാലയത്തിൽ സമിതി രജിസ്‌റ്റർ ചെയ്യണം. മേൽനോട്ട സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും. പരാതി പരിഹരിക്കാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള സംവിധാനം വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top