03 November Sunday

ഏകീകൃത പെൻഷൻ പദ്ധതി വഞ്ചന , പഴയ പെൻഷൻ 
പദ്ധതി 
പുനഃസ്ഥാപിക്കണം : സിഐടിയു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


ന്യൂഡൽഹി
പഴയ പെൻഷൻ പദ്ധതിക്കായുള്ള സർക്കാർ ജീവനക്കാരുടെ ന്യായമായ ആവശ്യത്തെ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്‌) പ്രഖ്യാപനത്തിലൂടെ കേന്ദ്രസർക്കാർ വഞ്ചിക്കുകയാണെന്ന്‌ സിഐടിയു. എൻഡിഎ സർക്കാർ പ്രഖ്യാപിച്ച യുപിഎസ്‌ തള്ളുന്നതായും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

പഴയ പെൻഷൻ പദ്ധതി (ഒപിഎസ്‌) പങ്കാളിത്ത പദ്ധതിയായിരുന്നില്ല. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ വിഹിതം പിടിച്ചിരുന്നില്ല. പങ്കാളിത്ത സ്വഭാവത്തോടെയുള്ള പുതിയ പദ്ധതി (എൻപിഎസ്‌) 2004ൽ വാജ്‌പേയ്‌ സർക്കാരാണ്‌ നടപ്പാക്കിയത്‌. 2014ൽ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാർ പിഎഫ്‌ആർഡിഎ നിയമം കൊണ്ടുവന്ന്‌ എൻപിഎസിന്‌ നിയമപരമായ സംരക്ഷണമൊരുക്കി. കേന്ദ്ര ട്രേഡ്‌യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും തുടക്കം മുതൽ എൻപിഎസിനെ എതിർക്കുകയാണ്‌.

ട്രേഡ്‌യൂണിയനുകളുടെ പിന്തുണയോടെ ജീവനക്കാർ നടത്തിയ പോരാട്ടമാണ്‌ യുപിഎസ്‌ പ്രഖ്യാപിക്കാൻ നിർബന്ധിതമാക്കിയത്‌. എന്നാൽ യുപിഎസ്‌ പദ്ധതിയിലും ബിജെപി സർക്കാർ തങ്ങളുടെ വഞ്ചനാപരമായ നിലപാട്‌ തുടരുകയാണ്‌. ഏതാണ്ട്‌ ഒരു കോടിയോളം സർക്കാർ ജീവനക്കാരുടേതായി 10.54 ലക്ഷം കോടി രൂപ പെൻഷൻ നിധിയായി ഓഹരി വിപണിയിലുണ്ട്‌. പെൻഷൻ നിധിയിലേക്കുള്ള സർക്കാർ വിഹിതം നാലര ശതമാനം കൂട്ടുന്നത്‌ ഓഹരി വിപണിയിലേക്ക്‌ കൂടുതൽ പണം എത്തിക്കുന്നതിനാണ്‌.

ഏകീകൃത പെൻഷൻ പദ്ധതിയിൽ 20 വർഷം സർവീസ്‌ ഉള്ളവർക്ക്‌ 40 ശതമാനവും 10 വർഷം സർവീസുള്ളവർക്ക്‌ 20 ശതമാനവും മാത്രമായിരിക്കും പെൻഷൻ കിട്ടുക. 10 വർഷത്തിൽ കുറവ്‌ സർവീസുകാർക്ക്‌ പെൻഷൻ കിട്ടുകയുമില്ല. പഴയ പെൻഷൻ പദ്ധതിക്കായുള്ള സർക്കാർ ജീവനക്കാരുടെ പോരാട്ടത്തിന്‌ പൂർണ പിന്തുണ നൽകുമെന്നും- പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top