17 November Sunday

വന്യമൃഗങ്ങളിൽനിന്ന്‌ ജീവനും സ്വത്തും സംരക്ഷിക്കണം ; സംയുക്ത പാർലമെന്റ്‌ മാർച്ചും ധർണയും

സ്വന്തം ലേഖകൻUpdated: Thursday Sep 26, 2024


ന്യൂഡൽഹി
വന്യജീവി ആക്രമണത്തിൽനിന്ന് മനുഷ്യജീവനും സ്വത്തും സംരക്ഷിക്കുക, ആന ഇടനാഴി, കടുവസങ്കേതങ്ങൾ എന്നിവയുടെ പേരിലുള്ള കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, അലഞ്ഞുതിരിയുന്ന പശുക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഡൽഹിയിൽ പാർലമെന്റ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. അഖിലേന്ത്യാ കിസാൻ സഭയും കർഷകത്തൊഴിലാളി യൂണിയനുമാണ് സംയുക്ത പ്രക്ഷോഭം നടത്തിയത്‌. ജന്തർ മന്തറിൽ ധർണ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കേരളം, ഹിമാചൽ, പഞ്ചാബ്, തമിഴ്നാട്, കർണാടക, ജാർഖണ്ഡ്, തെലങ്കാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ ആയിരങ്ങൾ പങ്കെടുത്തു. 

തലമുറകളായി വനപ്രദേശത്ത്‌ താമസിക്കുന്ന ആദിവാസികളെയും കർഷകരെയും കേന്ദ്രം കുടിയൊഴിപ്പിക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ആവശ്യങ്ങളിൽ രണ്ടുദിവസത്തിനകം ചർച്ച നടത്താമെന്ന്‌ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്‌ ഉറപ്പ്‌ നൽകി. കിസാൻ സഭ  പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, വൈസ് പ്രസിഡന്റ്‌ ഹന്നൻ മൊള്ള, കേന്ദ്ര ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, ജോയിന്റ്‌ സെക്രട്ടറി വൽസൻ പനോളി, തമിഴ്‌നാട്‌ വൈസ്‌ പ്രസിഡന്റ്‌ കെ സച്ചിതാനന്ദം എംപി, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, ജോയിന്റ്‌ സെക്രട്ടറി വി ശിവദാസൻ എംപി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ തുടങ്ങിയവർ സംസാരിച്ചു.

സംരക്ഷിത പട്ടികയിൽനിന്ന്‌ കാട്ടുപന്നിയെ ഒഴിവാക്കണം, ഗോരക്ഷാ ഗുണ്ടകളുടെ അക്രമം അവസാനിപ്പിക്കണം, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വിളനാശത്തിന്‌ നഷ്‌ടപരിഹാരം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top