22 November Friday

മോദിയുടെ ബിജെപി പരിപാടിക്ക് ഖജനാവിലെ പണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


ന്യൂഡൽഹി
ബിജെപിയുടെ രാഷ്‌ട്രീയ പരിപാടികൾക്ക്‌ പൊതുപണം ചെലവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രകൾ. വിവിധ സംസ്ഥാനങ്ങളിൽ ഔദ്യോഗിക പരിപാടികൾക്കെത്തിയശേഷം വ്യാപകമായി ബിജെപി പരിപാടികളിൽ പങ്കെടുക്കുന്നതാണ്‌ മോദിയുടെ രീതി. മാത്രമല്ല, കേന്ദ്രസർക്കാർ പരിപാടികളിൽപോലും പ്രതിപക്ഷ കക്ഷികൾക്കെതിരെ ആരോപണമുന്നയിക്കുന്നു. തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഔദ്യോഗിക സന്ദർശനമെന്ന പേരിൽ എത്തിയശേഷം ബിജെപി പ്രചാരണം നടത്തി. ഫലത്തിൽ അനൗദ്യോഗികമെന്ന വിശേഷണമുള്ള യാത്രകൾക്ക്‌ മാത്രമാണ്‌ ബിജെപിക്ക്‌ പണം ചെലവാക്കേണ്ടി വരുന്നത്‌. പിഎംഒ വെബ്‌സൈറ്റിലെ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളും ഉദ്ധരിച്ച്‌ ഓൺലൈൻ മാധ്യമം ന്യൂസ്‌ ലോൺഡ്രി  ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തത്‌.

അനൗദ്യോഗിക യാത്രകളുടെ ചെലവ്‌ ബിജെപിയാണ്‌ വഹിക്കുന്നതെന്ന്‌ പിഎംഒ  ചോദ്യത്തിന്‌ മറുപടി നൽകിയിട്ടുണ്ട്‌. എന്നാൽ ഔദ്യോഗിക പരിപാടികളിൽ അനൗദ്യോഗിക പരിപാടികൾ എങ്ങനെ ഉൾപ്പെടുന്നുവെന്നും ഇതിനുള്ള ചെലവ്‌ ഏങ്ങനെ കണക്കാക്കുന്നുവെന്നമുള്ള ചോദ്യത്തിന്‌ മറുപടിയില്ല. അനൗദ്യോഗിക യാത്രച്ചെലവിന്റെ കണക്ക്‌ ബിജെപിയുടെ കൈവശമാണ്‌ ഉണ്ടാവുകയെന്നും പിഎംഒയിൽ ഇല്ലെന്നുമാണ്‌ ന്യായം. അതേസമയം, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ ഔദ്യോഗിക പരിപാടികൾക്കുമാത്രം പൊതുപണം ചെലവാക്കിയപ്പോൾ പാർടി പരിപാടികൾ കോൺഗ്രസ്‌ ചെലവിലാണ്‌ നടത്തിയത്‌.  ഇതിന്റെ കൃത്യമായ കണക്കും പിഎംഒ സൂക്ഷിച്ചിട്ടുണ്ട്‌.

2022ൽ മോദി 45 ഔദ്യോഗിക യാത്രകൾ നടത്തിയപ്പോൾ അനൗദ്യോഗിക യാത്രകൾ കേവലം അഞ്ചെണ്ണം മാത്രം. 2023ൽ ഇത്‌ 48ഉം 15ഉം ആണ്‌. ഈ വർഷം ഇതുവരെ 34 ഔദ്യോഗിക യാത്ര നടത്തി. ഇതിൽ പതിനാലിടത്തെ പരിപാടികളും തെരഞ്ഞെടുപ്പ്‌ യോഗമാക്കി മോദി മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ഫെബ്രുവരിയിൽ ഹരിയാനയിൽ നടത്തിയ പദ്ധതി ഉദ്‌ഘാടനത്തിലാണ്‌ ബിജെപിക്ക്‌ 400 സീറ്റ്‌ എന്ന ലക്ഷ്യം മോദി ആദ്യമായി അവതരിപ്പിച്ചത്‌. നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പ്‌ മഹാരാഷ്‌ട്രയിൽ അഞ്ചുതവണയും ജാർഖണ്ഡിൽ രണ്ടുതവണയും മോദി എത്തി.

സർക്കാർ പണം ഉപയോഗിച്ച്‌ നടത്തുന്ന പരിപാടികളിൽ മോദി നടത്തുന്ന പ്രതിപക്ഷ വിമർശനത്തെ ശിവസേന (യുബിടി) ശക്തമായി എതിർത്തു. പ്രധാനമന്ത്രിയുടെ ആഭ്യന്തര സന്ദർശനം സംബന്ധിച്ച വ്യക്തമായ പ്രോട്ടോക്കോൾ ഇല്ലാത്തതാണ്‌ മോദിയും ബിജെപിയും മുതലെടുക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top