26 October Saturday

ഡോ. മോഹനൻ കുന്നുമ്മലിന്‌ പുനർനിയമനം ; സംഘിഏജന്റിന്‌ കൈയടിച്ച്‌ 
മാധ്യമങ്ങളും പ്രതിപക്ഷവും

പ്രത്യേക ലേഖകൻUpdated: Saturday Oct 26, 2024


തിരുവനന്തപുരം
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ വീണ്ടും നിയമിച്ച ജനാധിപത്യവിരുദ്ധമായ നടപടിയെ  പ്രകീർത്തിച്ച്‌ മാധ്യമങ്ങളും പ്രതിപക്ഷവും.ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിക്കുകപോലും ചെയ്യാതെയാണ്‌ ഈ നടപടിയെന്നറിഞ്ഞിട്ടും  ഗവർണറുടെ നിയമവിരുദ്ധപ്രവർത്തനത്തെ കണ്ണടച്ച്‌ പിന്തുണക്കുകയാണ്‌ ഇവർ.

ഡോ. മോഹനൻ കുന്നുമ്മലിന്‌ പുനർനിയമനം നൽകിയത്‌ ജനാധിപത്യ വിരുദ്ധവും കേരള സർവകലാശാലയിലെ ചുമതല തുടരാൻ അനുമതി നൽകിയത്‌ ചട്ടവിരുദ്ധവുമാണെന്ന്‌ വ്യക്തം. എന്നാൽ വെള്ളിയാഴ്‌ച വാർത്താസമ്മേളനത്തിൽ നിരവധി വിഷയങ്ങളിൽ വാചാലനായ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഇക്കാര്യം മാത്രം മിണ്ടിയില്ല. യുഡിഎഫിന്റെ ബിജെപി ബന്ധം കോൺഗ്രസ്‌ നേതാക്കൾ തന്നെ തുറന്നുകാണിക്കുന്ന സാഹചര്യത്തിൽ ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട്‌ കൂടുതൽ ചർച്ചയാവുകയാണ്‌.

കണ്ണൂർ വി സി ആയിരുന്ന ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‌ പുനർനിയമനം നൽകിയതുമായി താരതമ്യം ചെയ്താണ്‌ പല മാധ്യമങ്ങളും ഗവർണറുടെ നടപടിയെ ന്യായീകരിച്ചത്‌. സർക്കാരിന്‌ ബൂമറാങ്ങ്‌ ആയെന്നും പ്രഹരമായെന്നും മറ്റും വ്യാഖ്യാനിച്ച മാധ്യമങ്ങൾ ഗവർണറുടെ തെറ്റായ തീരുമാനത്തെ വാർത്തയാക്കാതിരിക്കാൻ ശ്രദ്ധിച്ചു. 

ഗോപിനാഥ്‌ രവീന്ദ്രന്‌ നിയമപരമായി തുടരാൻ കഴിയുമെന്നതിനാലാണ്‌ സർക്കാർ ഗവർണറോട്‌ ശുപാർശ ചെയ്തത്‌. അത്‌ നിയമപരവും ജനാധിപത്യപരവുമായിരുന്നുവെന്ന്‌ സുപ്രീംകോടതിയും അംഗീകരിച്ചതാണ്‌. എന്നാൽ അന്നത്തെ നിയമോപദേശപ്രകാരമാണ്‌ കുന്നുമ്മലിന്റെ പുനർനിയമനമെന്ന്‌ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു. സർവകലാശലകളിലെ ജനാധിപത്യ സംവിധാനത്തെയാകെ തകിടംമറിച്ച്‌ സംഘപരിവാർ അജൻഡ നടപ്പാക്കാൻ അവസരമുണ്ടാക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നുവെന്നത്‌ മാത്രമാണ്‌ മോഹനൻ കുന്നുമ്മലിന്‌ ഗവർണർ കാണുന്ന യോഗ്യത.

സംസ്ഥാന ഫണ്ടിൽ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ ചാൻസലറുടെ ഏകപക്ഷീയഭരണം പാടില്ലെന്ന്‌ പലപ്രാവശ്യം കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്‌.  മുൻപും ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ ചട്ടവിരുദ്ധ തീരുമാനങ്ങളെല്ലാം കോടതികൾ തള്ളിക്കളഞ്ഞതാണ്‌. ഈ വസ്തുതകൾ പോലും മറന്നാണ്‌ ഗവർണർക്ക്‌ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റേയും പിന്തുണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top