26 October Saturday

നുണക്കഥകൾ തകരുമ്പോഴും തെറ്റ്‌ സമ്മതിക്കാതെ മാധ്യമങ്ങൾ : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


പാലക്കാട്‌
ഇടതുപക്ഷത്തിനെതിരെ കെട്ടിപ്പൊക്കിയ നുണക്കഥകൾ ഓരോന്നായി തകർന്നുവീഴുമ്പോഴും തെറ്റുപറ്റിയെന്ന്‌ സമ്മതിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒന്നവസാനിക്കുമ്പോൾ മാധ്യമങ്ങൾ ജാള്യമില്ലാതെ അടുത്ത നുണയിലേക്ക്‌ പോകുന്നു. തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ്‌ നിയമസഭാ തെരഞ്ഞെടുപ്പുവരെ ഈ അജൻഡ തുടരാനാണ്‌ ഉദ്ദേശ്യം. വരികൾക്കിടയിൽ വായിക്കാനും കാണുന്നതിനപ്പുറം കാണാനും ജനങ്ങൾക്കാകുമെന്നും പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യവേ എം വി ഗോവിന്ദൻ പറഞ്ഞു.

ബിജെപിയെ തോൽപ്പിക്കണമെങ്കിൽ കോൺഗ്രസിനെയും തോൽപ്പിക്കണം. അവർ എന്ത് അന്തർധാരയുണ്ടാക്കിയാലും അതിനെ അതിജീവിക്കാനാകണം. കേരളത്തിനും ജനങ്ങൾക്കുമെതിരായ നിലപാടാണ്‌ കേന്ദ്ര സർക്കാരിനൊപ്പം യുഡിഎഫും സ്വീകരിക്കുന്നത്‌. എൽഡിഎഫിനെതിരായ ആക്രമണത്തിന്‌ മാധ്യമ ശൃംഖലയുടെയും പിൻബലമുണ്ട്‌. അൻവറുമായി ബന്ധപ്പെട്ട ചർച്ചകൾ അവരുടെ പാലക്കാട്ടെ റാലിയോടെ തീർന്നു. മഞ്ചേരിയിലെ അൻവറിന്റെ പരിപാടിയിൽ പങ്കെടുത്തവർ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗും കോൺഗ്രസുമായിരുന്നു. സിപിഐ എമ്മിനെ അടിക്കാനുള്ള വടി കിട്ടുമെന്നതിനാലാണ്‌ അവരൊക്കെ സമ്മേളനത്തിന്‌ പോയത്‌. അതിന്റെ ആവേശത്തിലാണ്‌ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും പിൻവലിച്ചതും പിൻവലിക്കുന്ന ദിവസം ഷോ നടത്തിയതും. എന്നാൽ ഇവിടെ റാലി നടത്തിയപ്പോൾ അവരെ കിട്ടിയില്ല. ഷൂട്ടിങ്ങിനെന്നപോലെ മാനേജർമാർ പലയിടങ്ങളിൽനിന്നായി കൊണ്ടുവന്നവരാണ്‌ റാലിയിൽ പങ്കെടുത്തത്‌. ഇതിന്റെ ഭാഗമായുണ്ടായ ഒറ്റക്കാര്യം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും തമ്മിൽ അങ്ങേയറ്റം തെറ്റിയെന്നതാണ്‌.

മുഖ്യമന്ത്രി മോഹമുള്ള  ശശി തരൂർ, വി ഡി സതീശൻ, കെ സുധാകരൻ, രമേശ്‌ ചെന്നിത്തല, കെ സി വേണുഗോപാൽ എന്നീ അഞ്ചാളുകൾ തമ്മിലുള്ള തീരാത്ത കുഴപ്പമാണ്‌ കോൺഗ്രസിൽ. മറ്റുള്ളവരെയെല്ലാം ഇവർ ഉപയോഗിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top