ന്യൂഡൽഹി
മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദത്തിന്റെ പേരിൽ മഹായുതി സഖ്യത്തിൽ പിടിവലി. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന ശിവസേനയുടെ എക്‌നാഥ് ഷിൻഡെ വഴങ്ങാൻ തയ്യാറാകാത്തതോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നവിസ് ഡൽഹിയിൽ പറന്നിറങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ എന്നിവരെ കാണാൻ ലക്ഷ്യമിട്ടാണ് ഫഡ്‌നവിസ് എത്തിയത്. ഷിൻഡെ, അജിത് പവാർ എന്നിവരും ഡൽഹിയിലെത്തി ബിജെപി നേതൃത്വവുമായി ഉടൻ കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രി സ്ഥാനവും കൂടുതൽ മന്ത്രി പദവിയുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം, ബിജെപി മഹാരാഷ്‌ട്രയിലും ബിഹാർ മോഡൽ പിന്തുടരണമെന്ന് ഷിൻഡെയുടെ വിശ്വസ്‌തനും താനെ എംപിയുമായ നരേഷ് മാസ്‌കെ ആവശ്യപ്പെട്ടു. രണ്ടരവർഷം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാമെന്ന നിർദേശത്തോട് ഷിൻഡെയ്‌ക്ക് എതിർപ്പില്ലെന്നും റിപ്പോർട്ടുണ്ട്.മുഖ്യമന്ത്രി പദം വിട്ടുനൽകേണ്ടന്നാണ് ബിജെപിക്കുള്ള ആർഎസ്‌എസ് ഉപദേശം. മുഖ്യമന്ത്രിപദത്തിൽ ഒരു ഫോർമുലയും നിശ്ചയിച്ചിട്ടില്ലെന്നും ചർച്ചകൾ നടത്തുമെന്നും അജിത് പവാർ തിങ്കളാഴ്‌ച പ്രതികരിച്ചു.
പരാജയത്തിന് പിന്നാലെ പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന റിപ്പോർട്ട് നാനാപടോളെ തള്ളി. പരാജയത്തിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് പടോളെ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..