ന്യൂഡൽഹി > ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം "ദ സാത്താനിക് വേഴ്‌സ്" (The Satanic Verses) ഇന്ത്യയിലെത്തി. രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്തകം 36 വർഷങ്ങൾക്ക് ശേഷമാണ് പുസ്തകം ഇന്ത്യയിൽ എത്തുന്നത്.
നോവലിലൂടെ റുഷ്‌ദി പ്രവാചകനിന്ദ നടത്തുകയാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് 1988ൽ കേന്ദ്രസർക്കാർ പുസ്തകം നിരോധിച്ചിരുന്നു. അതിനാൽ തന്നെ പുസ്തകം വിപണിയിൽ ലഭ്യമായിരുന്നില്ല. എന്നാൽ നിലവിൽ പുസ്തകത്തിന്റെ പരിമിതമായ കോപ്പികൾ ഡൽഹിയിലെ ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സിൽ ലഭ്യമാണ്.
"ഞങ്ങൾക്ക് പുസ്തകം ലഭിച്ചിട്ട് കുറച്ച് ദിവസങ്ങളായി, ഇതുവരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിൽപ്പന മികച്ചതാണ്" ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സ് ഉടമ രജനി മൽഹോത്ര പിടിഐയോട് പറഞ്ഞു. 1,999 രൂപ വിലയുള്ള പുസ്തകം നിലവിൽ ബഹ്‌റിസൺസ് ബുക്ക് സെല്ലേഴ്‌സ് സ്റ്റോറുകളിൽ മാത്രമാണ് ലഭിക്കുന്നത്.
1988 ൽ രാജീവ് ഗാന്ധി സർക്കാർ നോവലിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു. പിന്നീട് പുസ്തകം വിദേശത്തുനിന്ന് വരുത്തുന്നതിനുള്ള നിരോധനം ചോദ്യം ചെയ്‌ത് ഡൽഹി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ 1988 ഒക്ടോബർ5 ലെ വിധി കണ്ടെത്താനായില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ നിരോധനം നിലവിലില്ല എന്ന് അനുമാനിക്കണമെന്ന് കോടതി ഉത്തരവിട്ടു.
“മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, അത്തരമൊരു വിജ്ഞാപനം നിലവിലില്ല എന്ന് അനുമാനിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല” എന്നാണ് സംഭവത്തിൽ കോടതി പറഞ്ഞത്.
2022 ആഗസ്ത് 12 ന് റുഷ്ദിക്ക് നേരെ കൊലപാതക ശ്രമമുണ്ടായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാഴ്‌ച നഷ്ടപ്പെടുകയും സാരമായ പരിക്ക് പറ്റുകയുമുണ്ടായി. ബുക്കർ പ്രൈസ് ജേതാവായ ഇദ്ദേഹം രചനകളുടെ പേരിൽ നിരവധി തവണ വധഭീഷണി നേരിട്ടിട്ടുണ്ട്. 1988ൽ പ്രസിദ്ധീകരിച്ച ‘ദ സാത്താനിക് വേഴ്‌സസ്' എന്ന പുസ്‌തകം ഇസ്ലാമിനെ നിന്ദിക്കുന്നതായി ആരോപിച്ച് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. 1989ൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി റുഷ്‌ദിയെ കൊല്ലാൻ ആഹ്വാനംചെയ്‌ത് ഫത്‌വ ഇറക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..