ന്യൂഡൽഹി
ഡൽഹിയിൽ മലയാളി നേഴ്‌സിങ് ഓഫീസർ പി കെ അംബിക കോവിഡ് ബാധിച്ച് മരിക്കാൻ ഇടയാക്കിയത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് സഹപ്രവർത്തകർ. ഉപയോഗിച്ച വ്യക്തിഗത സുരക്ഷാ ഉപകരണം (പിപിഇ), മാസ്‌ക്, ഗ്ലൗസ് എന്നിവ വീണ്ടും ഉപയോഗിക്കാൻ അധികൃതർ നിർബന്ധിച്ചിരുന്നു.
കീർത്തിനഗറിലെ കാൽറ ആശുപത്രിയിൽ നേഴ്സായിരുന്ന അംബിക സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്‌ചയാണ് മരിച്ചത്. ഡോക്ടർമാർക്ക് പുതിയ പിപിഇ കിറ്റുകൾ നൽകി. നേഴ്‌സുമാർ പഴയ കിറ്റുകൾ വീണ്ടും ഉപയോഗിക്കാനാണ് നിർദേശിച്ചതെന്ന് ഒരു മുതിർന്ന നേഴ്‌സ് പറഞ്ഞു. കോവിഡ് രോഗചികിത്സയ്‌ക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള ആശുപത്രി അല്ലാത്തതിനാൽ അപകടസാധ്യത കുറവാണെന്നയാിരുന്നു അധികൃതരുടെ വാദം.
പുതിയ പിപിഇ കിറ്റ് ആവശ്യപ്പെട്ട് നേഴ്‌സിങ് ഇൻ ചാർജുമായി അംബിക മുമ്പ് തർക്കിച്ചിരുന്നു. മെയ് 18ന് രാവിലെയുള്ള ഷിഫ്‌റ്റിൽ ജോലിചെയ്‌ത അംബികയ്‌ക്ക് പനിയും തൊണ്ടവേദനയും ഉണ്ടായതോടെ രാത്രി ഷിഫ്‌റ്റ് എടുക്കാൻ തയ്യാറായില്ല. അടുത്തദിവസം പനികൂടി. 21ന് ശ്വാസതടസ്സം ഉണ്ടായതോടെ സഫ്‌ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോപണം നിഷേധിച്ച മാനേജ്‌മെന്റ് ആവശ്യത്തിന് പിപിഇ കിറ്റുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയിരുന്നെന്ന് പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ പഞ്ചാബി ബാഗിലെ ശ്‌മശാനത്തിൽ അംബികയുടെ മൃതദേഹം സംസ്‌കരിച്ചു. കേരളത്തിൽനിന്ന് തിങ്കളാഴ്‌ച രാത്രി ഡൽഹിയിൽ മടങ്ങിയെത്തിയ മകൻ അഖിലും മറ്റ് ബന്ധുക്കളും പങ്കെടുത്തു. മകൾ ഭാഗ്യ വീട്ടിൽ നിരീക്ഷണത്തിലാണ്. അംബികയുടെ ഭർത്താവ് സനിൽകുമാർ മലേഷ്യയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..