26 December Thursday

‘ക്യൂബയെ അമേരിക്കയുടെ 
കരിമ്പട്ടികയിൽനിന്ന്‌ നീക്കാൻ സമ്മർദം ഉയരണം’

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ക്യൂബൻ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച യോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം 
യെച്ചൂരി സംസാരിക്കുന്നു ഫോട്ടോ: പി വി സുജിത്‌

 


ന്യൂഡൽഹി
ഭീകരത പ്രോത്സാഹിപ്പിക്കുന്നെന്ന വ്യാജആരോപണം ഉന്നയിച്ച് ക്യൂബയെ കരിമ്പട്ടികയിൽപെടുത്തിയ അമേരിക്കയുടെ നടപടി അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സമ്മർദം ശക്തമാകണമെന്ന്‌ മൊൻകാദ ദിനത്തിന്റെ 71–-ാം വാർഷികത്തോടനുബന്ധിച്ച്‌ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു. ഗൂഢാലോചനയുടെ ഭാഗമായാണ്‌ ഡോണൾഡ്‌ ട്രംപ്‌ സർക്കാരിന്റെ കാലത്ത്‌ ക്യൂബയെ ഈ പട്ടികയിൽപ്പെടുത്തിയതെന്ന്‌ സമ്മേളനത്തിൽ ഇക്വഡോർ മുൻ വിദേശമന്ത്രി ഗ്യൂലാമി ലോങ്‌ പറഞ്ഞു.

ദീർഘകാല ഉപരോധം അവസാനിപ്പിക്കാൻ അനുരഞ്‌ജന ചർച്ച നടക്കവെയാണ്‌ അത്‌ അട്ടിമറിച്ച്‌ കൂടുതൽ ഹീനമായ ഒറ്റപ്പെടുത്തലിന്‌ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി വാദിക്കുന്ന എല്ലാവരും ക്യൂബയ്‌ക്കൊപ്പം നിലകൊള്ളണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എത്ര ആക്രമണങ്ങൾ നേരിട്ടാലും സോഷ്യലിസ്റ്റ്‌ പാതയിൽനിന്ന്‌ ക്യൂബ പിന്മാറില്ലെന്ന്‌ ക്യൂബൻ എംബസിയിലെ സ്ഥാനപതിയുടെ ചുമതലക്കാരൻ എയ്‌ബൽ അബല്ലേ പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പല്ലബ്‌ സെൻഗുപ്‌ത, ഫോർവേഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ, സിപിഐ എംഎൽ കേന്ദ്ര കമ്മിറ്റിയംഗം രാജീവ്‌ ദിമാരി, ദേബ്‌റോയ്‌, പ്രൊഫ. സോണിയ ഗുപ്‌ത, അരുൺകുമാർ,അഡ്വ. കെ ആർ സുഭാഷ്‌ ചന്ദ്രൻ എന്നിവരും സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top