28 December Saturday

ഫെംഗൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ കനത്ത മഴ: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ചെന്നൈ > തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ഫെം​ഗൽ ചുഴലിക്കാറ്റായി മാറാൻ സാ​ധ്യത. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ തിരുച്ചി, രാമനാഥപുരം, നാഗപട്ടണം, കടലൂർ, വില്ലുപുരം, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്ന് ഏകദേശം 770 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കും നാഗപട്ടണത്തിന് 570 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്കുമാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കൽ തുടങ്ങിയ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വില്ലുപുരം, കടലൂർ, പുതുച്ചേരി തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മത്സ്യത്തൊഴിലാളികൾ നവംബർ 28 വരെ കടലിൽ പോകരുതെന്ന് നിർദേശം നൽകി.

ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. ഒഎംആർ പോലുള്ള പ്രധാന റോഡുകളിൽ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ഏഴ് വിമാന സർവീസുകൾ വൈകി.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ മുൻകരുതൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി ഉന്നതതല യോഗം ചേർന്നു. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. 30 രക്ഷാപ്രവർത്തകരുള്ള എൻഡിആർഎഫിൻ്റെ നാലാം ബറ്റാലിയനിൽ നിന്നുള്ള രണ്ട് കനൈൻ യൂണിറ്റുകൾ  ഉൾപ്പെടെ ഏഴ് ടീമുകളെയാണ് പ്രദേശത്ത് ചുമതലപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top