പട്‌ന
ബിഹാറിൽ ബിജെപി സംഘടിപ്പിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മദിന പരിപാടിയിൽ ഗാന്ധിജിയുടെ ഇഷ്ടഭജനായ "രഘുപതിരാഘവരാജാറാം' ആലപിച്ച നാടോടി ഗായികയെക്കൊണ്ട് മാപ്പുപറയിപ്പിച്ച് സംഘപരിവാർ നേതാക്കൾ. പട്‌നയിൽ ബുധനാഴ്‌ച നടന്ന പരിപാടിയിൽ ദേവി എന്ന ഭോജ്‌പുരി ഗായിക ഭജൻ ആലപിക്കവെയാണ് സംഭവം. ഗാന്ധിജിയുടെ പേരിലുള്ള ബാപ്പു സഭാകർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് രാഷ്ട്രപിതാവിനോടുള്ള സംഘപരിവാർ അസഹിഷ്ണുത അരങ്ങേറിയത്.
"ഈശ്വർ അള്ളാ തേരെ നാം' എന്ന വരിയെത്തിയപ്പോൾ വേദിയിൽനിന്ന് പ്രതിഷേധ സ്വരം ഉയർന്നു. ഉടൻതന്നെ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രിയായ അശ്വിനി കുമാർ ചൗബെ അടക്കമുള്ളവർ സ്റ്റേജിലേക്ക് ചാടിക്കയറി ഗായികയുടെ കൈയിൽനിന്ന് മൈക്ക് തട്ടിപ്പറിച്ച് ജയ്‌ശ്രീറാം മുദ്രാവാക്യം മുഴക്കി.
ഹിന്ദുവിശ്വാസപ്രകാരമുള്ള വസുധൈവ കുടുംബകത്തിന്റെ ആശയം ഉൾക്കൊള്ളുന്ന വരികളാണിതെന്ന് ഗായിക ചൂണ്ടിക്കാട്ടിയെങ്കിലും സംഘപരിവാറുകാർ ആക്രോശം തുടർന്നു. ഒടുവിൽ ഗായികയ്ക്ക് മാപ്പുപറയേണ്ടിവന്നു. നേതാക്കൾ ഭീഷണിപ്പെടുത്തി ഇവരെക്കൊണ്ട് ജയ്‌ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബിജെപിയെ പിന്തുണയ്ക്കുന്ന ജെഡിയു അടക്കമുള്ള പാർടികൾ വിമർശവുമായി രംഗത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..