28 December Saturday
അപൂർവ വ്യക്തിത്വം: രാഷ്‌ട്രപതി

ആദരമർപ്പിച്ച്‌ രാഷ്‌ട്രം ; അനുശോചിച്ച്‌ ലോകനേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

 

അപൂർവ വ്യക്തിത്വം: രാഷ്‌ട്രപതി
അപൂർവ രാഷ്‌ട്രീയ വ്യക്തിത്വമായിരുന്നു ഡോ.മൻമോഹന്‍ സിങ്ങിന്റേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിൽ നിർണായക സംഭാവന നൽകി. രാഷ്‌ട്രത്തിന്‌ നൽകിയ സേവനങ്ങളുടെയും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതത്തിന്റെയും പുലർത്തിയ വിനയത്തിന്റെയും ഔന്നിത്യത്തിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും.

സത്യസന്ധനായ 
നേതാവ്‌ : പ്രധാനമന്ത്രി
മൻമോഹൻ സിങ്‌  പ്രധാനമന്ത്രിയെന്ന നിലയിൽ  രാജ്യത്തിന്‌ നൽകിയ സംഭാവനകൾ  എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ധനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌  പുതിയ ദിശ നൽകി.

നഷ്‌ടപ്പെട്ടത്‌ 
വഴികാട്ടിയെ: രാഹുൽ
മൻമോഹൻ സിങ്ങിന്റെ വിയോഗത്തോടെ വഴികാട്ടിയെയാണ് തനിക്ക്‌ നഷ്‌ടപ്പെട്ടതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെയും സ്വഭാവഗുണത്തോടെയുമാണ്‌ അദ്ദേഹം രാജ്യത്തെ നയിച്ചത്‌.

രാഷ്ട്രതന്ത്രജ്ഞൻ:  ഖാര്‍​ഗെ
ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള  രാഷ്ട്രതന്ത്രജ്ഞനെയും സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധനെയുമെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാക്കിനേക്കാൾ പ്രവൃത്തിക്ക്‌ മുൻതൂക്കം നൽകിയ മൻമോഹൻ സിങ്‌  രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും.

സിപിഐ 
അനുശോചിച്ചു
ജനാധിപത്യമൂല്യങ്ങളോടും മതനിരപേക്ഷത, സംവാദം എന്നിവയോടും ബഹുമാനം പുലർത്തിയ നേതാവായിരുന്നു മൻമോഹൻസിങ്‌ എന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌. നയപരമായും ആശയപരമായുമുള്ള  വിയോജിപ്പുകളോട്‌ അദ്ദേഹം അന്തസ്സോടെയും പരിഷ്‌കൃത മനോഭാവത്തോടെയും പ്രതികരിച്ചുവെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു.

അനുശോചിച്ച്‌ ലോകനേതാക്കൾ
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‌ ആദരമർപ്പിച്ച്‌ ലോകനേതാക്കൾ. ഇന്ത്യ–- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഗുണപരമായ പങ്ക്‌ വഹിച്ചയാളാണ്‌ മൻമോഹൻ സിങ്ങെന്ന്‌ ചൈന വിദേശ മന്ത്രാലയ വക്താവ്‌ മാവോ നിങ്‌ പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ്‌ നഷ്ടമായതെന്ന്‌ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ പറഞ്ഞു. ഇബ്‌സ, ബ്രിക്സ്‌ കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും ശക്തമാക്കുന്നതിലും മൻമോഹന്റെ പങ്കും അനുസ്മരിച്ചു. ഇന്ത്യ–- അമേരിക്ക നയതന്ത്ര പങ്കാളിത്തത്തിനുവേണ്ടി എന്നും വാദിച്ച നേതാവായിരുന്നു മൻമോഹനെന്ന്‌ യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുസ്മരിച്ചു. 
രണ്ട്‌ ദശാബ്ദത്തിൽ ഇരുരാജ്യവും ചേർന്നുണ്ടാക്കിയ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം മൻമോഹന്റെ ശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക്‌ മഹാനായ വ്യക്തിയെയും ഫ്രാൻസിന്‌ യഥാർഥ സുഹൃത്തിനെയുമാണ്‌ നഷ്ടമായതെന്ന്‌ ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ദീർഘദർശിയായ നേതാവായിരുന്നു മൻമോഹനെന്ന്‌ ശ്രീലങ്ക പ്രസിഡന്റ്‌ അനുര കുമാര ദിസനായകെ പറഞ്ഞു. വിലപ്പെട്ട സുഹൃത്തിനെ നഷ്ടമായെന്ന്‌ മലേഷ്യ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമൂഹമാധ്യമത്തിൽ കുറിച്ചു.

കാനഡ മുൻ പ്രധാനമന്ത്രി സ്‌റ്റീഫൻ ഹാർപർ, നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, മാലദ്വീപ്‌ മുൻ പ്രസിഡന്റ്‌ മൊഹമ്മദ്‌ നഷീദ്‌, ശ്രീലങ്ക മുൻ പ്രസിഡന്റ്‌ മഹിന്ദ രജപക്‌സെ, അഫ്‌ഗാനിസ്ഥാൻ മുൻ പ്രസിഡന്റ്‌ ഹമീദ്‌ കർസായി എന്നിവരും അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top