പർഭനി(മഹാരാഷ്‌ട്ര)
മഹാരാഷ്‌ട്ര പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ദളിത് കുടുംബാംഗവും നിയമ വിദ്യാർഥിയുമായ സോംനാഥ് സൂര്യവംശിയുടെ വസതി സിപിഐ എം പ്രതിനിധിസംഘം സന്ദർശിച്ചു. ഡിസംബർ 10ന് പർഭനിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സോംനാഥിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡി മർദനത്തിനിരയായ യുവാവ് 15ന് മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്ന് പീഡനങ്ങളുടെ കാഠിന്യം വ്യക്തമാണ്.
ബിജെപി മുന്നണി സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന് സോംനാഥിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. പാർടി സംസ്ഥാനകമ്മിറ്റി അംഗവും പർഭനി ജില്ലാ സെക്രട്ടറിയുമായ ഉദ്ദവ് പോൾ, രാംരാജെ മഹാധിക്, നസീർ ഷെയ്‌ഖ്, ബീഡ് ജില്ലാകമ്മിറ്റി അംഗം ബബ്‌റു വാഹൻ പൊത്‌ഭരെ എന്നിവരടങ്ങുന്ന സംഘമാണ് സോംനാഥിന്റെ ബന്ധുക്കളെ സന്ദർശിച്ചത്. സോംനാഥിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന കമ്മിറ്റി ഫണ്ട് സമാഹരണം തുടങ്ങി.
പർഭനിയിലെ പൊലീസ് അതിക്രമങ്ങൾക്ക് സാക്ഷിയായ, ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ദളിത് നേതാവ് വിജയ് വക്കോഡെയുടെ വീടും നേതാക്കൾ സന്ദർശിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ദളിതരെ പൊലീസ് ക്രൂരമായി ആക്രമിച്ചിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിക്കാനെന്ന പേരിൽ പർഭനിയിൽ വർഗീയവാദികൾ നടത്തിയ പ്രകടനത്തോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രകടനത്തിൽ പങ്കെടുത്തവർ പ്രദേശത്ത് സ്ഥാപിച്ച ഇന്ത്യൻ ഭരണഘടനയുടെ രൂപം വികൃതമാക്കിയതോടെയാണ് സംഘർഷമുണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..