ന്യൂഡൽഹി> രാജ്യസഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി കോൺഗ്രസിന്റെ "സഹായത്താൽ' ഭൂരിപക്ഷത്തിലെത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 12 സീറ്റിൽ 11 ഉം എൻഡിഎ നേടി. രാജസ്ഥാനിൽ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി കേന്ദ്രമന്ത്രിയായ രവ്‌നീത് സിങ് ബിട്ടുവാണ് ഈ ഒഴിവിൽ തെരഞ്ഞെടുക്കപ്പെട്ടത്. അവിടെ മത്സരിക്കാൻപോലും കോൺഗ്രസ് കൂട്ടാക്കിയില്ല. ഹരിയാനയിൽ നിന്ന് രാജ്യസഭയിലേക്ക് ജയിച്ചതും മുൻ കോൺഗ്രസ് നേതാവായ കിരൺ ചൗധുരിയാണ്. ഒഡീഷയിൽ നിന്ന് മുൻ ബിജെഡി നേതാവ് മമത മൊഹന്തയും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് ജയിച്ചു.
നിലവിൽ 237 ആണ് രാജ്യസഭയിലെ അംഗബലം. അതുപ്രകാരം ഭൂരിപക്ഷത്തിന് 119 അംഗങ്ങൾ വേണം. ഉപതെരഞ്ഞെടുപ്പിൽ 11 സീറ്റ് കൂടി നേടിയതോടെ എൻഡിഎയുടെ അംഗബലം 121ൽ എത്തി. ബിജെപിയുടെ അംഗബലം 96 ആയി. എൻഡിഎ ഘടകകക്ഷികൾക്ക് എല്ലാമായി 17 സീറ്റും നാമനിർദേശം ചെയ്യപ്പെട്ട ആറു പേരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്. ഇന്ത്യാ കൂട്ടായ്‌മയിലെ കക്ഷികൾക്കെല്ലാമായി 85 സീറ്റുണ്ട്. ഒമ്പത് സീറ്റിൽ ബിജെപിയും എൻഡിഎ ഘടകകക്ഷികളായ എൻസിപി അജിത്ത് പവാർ പക്ഷവും രാഷ്ട്രീയ ലോക്‌മോർച്ചയും ഓരോ സീറ്റ് വീതവും ജയിച്ചു. ജോർജ് കുര്യൻ (മധ്യപ്രദേശ്), മനൻകുമാർ മിശ്ര (ബിഹാർ), ധൈര്യശീൽ പാട്ടിൽ (മഹാരാഷ്ട്ര), രാജീവ് ഭട്ടാചാര്യ (ത്രിപുര), രഞ്‌ജൻ ദാസ്, രാമേശ്വർ ടെലി (അസം) എന്നിവരാണ് ബിജെപി ടിക്കറ്റിൽ രാജയസഭയിലെത്തിയ മറ്റുള്ളവർ. ഇവർക്കൊപ്പം ഉപേന്ദ്ര കുശ്‌വാഹ ( ബിഹാർ–- രാഷ്‌ട്രീയ ലോക്‌മോർച്ച), നിതിൻ പാട്ടീൽ ( മഹാരാഷ്ട്ര–എൻസിപി അജിത്ത് പവാർ പക്ഷം-) എന്നിവരും ജയിച്ചു. തെലങ്കാനയിൽനിന്ന് അഭിഷേക് മനു സിങ്‌വിയെ കോൺഗ്രസ് ജയിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..