ന്യൂഡൽഹി
ഉത്തർപ്രദേശിലെ സംഭലിൽ അഞ്ച് മുസ്ലിം യുവാക്കളെ വെടിവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കലാപത്തെ സംബന്ധിച്ച സമഗ്രമായ അന്വേഷണം സിബിഐയും ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് റിട്ട. ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായ പ്രത്യേക അന്വേഷക സംഘവും (എസ്‌ഐടി) അന്വേഷിക്കണമെന്നാണ് ഡോ. ആനന്ദ് പ്രകാശ് തിവാരി നൽകിയ ഹർജിയിലെ ആവശ്യം. മൊറാദാബാദ് ഡിവിഷണൽ പൊലീസ് കമീഷണർ, സംഭൽ എസ്‌പി, ജില്ല മജിസ്‌ട്രറ്റ്, അഡീ. ജില്ലാ മജിസ്‌ട്രറ്റ്, സർക്കിൾ ഓഫീസർ, കോർട്ട് കമീഷണർമാർ തുടങ്ങിയവരുടെ പങ്ക് എസ്‌ഐടി അന്വേഷിക്കണം –-ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഉടൻ കോടതി പരിഗണിക്കും.
19ന് സംഭൽ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ സിവിൽകോടതി നൽകിയ ഉത്തരവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധവും വെടിവയ്‌പും ഉണ്ടായത്.
24ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭ്യൂഹം പരത്തിയ ഫർഹത്ത് എന്ന യുവാവിനെ അറസ്‌റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ പങ്കാളികളായായ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു. അറസ്‌റ്റിലായവരുടെ എണ്ണം 28 ആയി ഉയർന്നു. വ്യാഴാഴ്‌ചയും സംഭൽ നഗരത്തിൽ ജനജീവിതം സ്‌തംഭിച്ചു. ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..