ന്യൂഡൽഹി
ഡൽഹിയിൽ ആം ആദ്‌മി പാർടി സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലഫ്. ഗവർണർ വി കെ സക്‌സേന അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേകം അന്വേഷണങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ലഫ്. ഗവർണർ നിർദേശം നൽകി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കാനിരിക്കെയാണിത്. കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അർഹരായ സ്‌ത്രീകൾക്ക് പ്രതിമാസം 2,100 രൂപ വീതം നൽകാനുള്ള മഹിള സമ്മാൻ യോജനയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു, പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് പണം കൊണ്ടുവരുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് സന്ദീപ് ദീക്ഷിത് ഉന്നയിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ വീടുകളുടെ പരിസരത്ത് പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തിയെന്നും സന്ദീപ് ആരോപിക്കുന്നു. ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയോടും മറ്റ് രണ്ട് പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിയോടും ലഫ്. ഗവർണർ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്നും എഎപിയുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതകൾ അട്ടിമറിക്കാൻ ലഫ്. ഗവർണറുടെ ഓഫീസിനെ ദുരുപയോഗിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ബിജെപിക്ക് ആയുധം നൽകി കോൺഗ്രസ്
ആം ആദ്‌മി പാർടി(എഎപി)യോടുള്ള കോൺഗ്രസിന്റെ രാഷ്‌ട്രീയ വൈരം വീണ്ടും ബിജെപി ഉപയോഗപ്പെടുത്തുന്നത് ആവർത്തിക്കുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പരാതിയിൽ എഎപി സർക്കാരിന്റെ പദ്ധതികൾക്കെതിരെ ലഫ്. ഗവർണർ വി കെ സക്‌സേന അന്വേഷണം പ്രഖ്യാപിച്ചത് ആകസ്‌മികമല്ല. മദ്യനയവിഷയത്തിൽ സംഭവിച്ചതിന്റെ തനിയാവർത്തനമാണിത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമായി മാറവെയാണ് കോൺഗ്രസിന്റെ ഇത്തരം നീക്കങ്ങൾ. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ തകർത്ത് എഎപി അധികാരത്തിൽ വന്നതിൽ അസ്വസ്ഥരാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ. ഡൽഹി മദ്യനയത്തിന്റെ പേരിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത് പിസിസി പ്രസിഡന്റായിരുന്ന അനിൽ ചൗധരിയാണ്. ഈ കത്ത് ഉപയോഗിച്ച് ലഫ്. ഗവർണർ അന്വേഷണം പ്രഖ്യാപിക്കുകയും കെജ്‌രിവാളിനെ കേസിൽ കുടുക്കുകയും ചെയ്‌തു. പിന്നീട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചെങ്കിലും അത് നാടകമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തം.
മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ കഴിഞ്ഞദിവസം കെജ്‌രിവാളിനെ രാജ്യദ്രോഹിയെന്ന് വിളിച്ചു. മാക്കനെതിരെ നടപടിയെടുത്തില്ലങ്കിൽ കോൺഗ്രസിനെ ഇന്ത്യ കൂട്ടായ്‌മയിൽ നിന്ന് പുറത്താക്കാൻ ഇതര പാർടികളോട് ആവശ്യപ്പെടുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ കൂട്ടായ്‌മയുടെ ഐക്യം കോൺഗ്രസ് തകർക്കുകയാണ്. ആസന്നമായ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സന്ദീപ് ദീക്ഷിത് അടക്കമുള്ളവർക്കായി പണം ഒഴുക്കുന്നത് ബിജെപിയാണെന്നും എഎപി ആരോപിക്കുന്നു.
ഹരിയാന തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കേണ്ടി വന്നപ്പോഴും കോൺഗ്രസിനെതിരെ ഒരുവാക്കുപോലും എഎപി പറഞ്ഞിട്ടില്ലെന്ന് സഞ്ജയ് സിങ് എംപി ഓർമിപ്പിച്ചു. ഡൽഹിയിൽ ബിജെപിക്കൊപ്പം ചേർന്ന് എഎപിയെ തളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യ കൂട്ടായ്‌മയെ തളർത്തി കോൺഗ്രസ് ഹരിയാനയിലും മഹാരാഷ്‌ട്രയിലും ബിജെപി വിജയത്തിന് വഴിയൊരുക്കിയെന്നും എഎപി നേതാക്കൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..