ന്യൂഡൽഹി
വനിതാ ഗുസ്‌തിതാരങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലുള്ള ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന ബിജെപി മുൻ എംപി ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ലൈംഗികാതിക്രമക്കേസിൽ കുറ്റങ്ങൾ ചുമത്താമെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്‌തും കേസുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും റദ്ദാക്കാൻ ആവശ്യപ്പെട്ടും ഒറ്റഹർജി ഫയൽചെയ്‌ത ബ്രിജ്‌ഭൂഷണിന്റെ നടപടിയെ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്‌ണ രൂക്ഷമായി വിമർശിച്ചു. വിചാരണ തുടങ്ങിയ കേസ് മൊത്തത്തിൽ റദ്ദാക്കാനുള്ള വളഞ്ഞവഴിയാണ് ഇതെന്ന് ജഡ്‌ജി നിരീക്ഷിച്ചു. രണ്ടാഴ്‌ചയ്‌ക്കകം വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ ബ്രിജ്‌ഭൂഷണിന്റെ അഭിഭാഷകരോട് ഹൈക്കോടതി നിർദേശിച്ചു. സെപ്‌തംബർ 26ന് കേസ് വീണ്ടും പരിഗണിക്കും.
ആറ് വനിതാ ഗുസ്‌തി താരങ്ങളാണ് പരാതി നൽകിയത്. ലൈംഗികാതിക്രമം, സ്‌ത്രീത്വത്തെ അവഹേളിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്‌തി താരത്തിന്റെ പരാതിയിൽ പോക്‌സോ കേസെടുത്തെങ്കിലും പരാതിക്കാരി ആരോപണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് റദ്ദാക്കി. 2023 ജൂൺ 15ന് ബ്രിജ്‌ഭൂഷൺ ഉൾപ്പടെയുള്ള പ്രതികൾക്ക് പൊലീസ് കുറ്റപത്രം നൽകി. തെളിവുകളുള്ളതിനാൽ കുറ്റം ചുമത്തൽ നടപടികളിലേക്ക് കടക്കാമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ഉത്തരവും കേസിലെ മുഴുവൻ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..