ന്യൂഡൽഹി
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിൽ ഗാന്ധിജിയുടെ വാക്കുകൾ വളച്ചൊടിച്ച് തിരുകിക്കയറ്റിയ കേന്ദ്രനടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപനമെന്ന പേരിൽ രാഷ്ട്രപതിയെക്കൊണ്ട് വായിപ്പിച്ചത് സംഘപരിവാർ അജൻഡയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതി ന്യായീകരിക്കാനാണ് ഗാന്ധിജിയുടെ വാക്കുകൾ വളച്ചൊടിച്ചത്. പാകിസ്ഥാനിൽ കഴിയാൻ ആഗ്രഹിക്കാത്ത ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യയിൽ വരാൻ കഴിയണമെന്നും അവർക്ക് ഇവിടെ സാധാരണ ജീവിതം ഉറപ്പാക്കണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രപതിയെക്കൊണ്ട് പറയിപ്പിച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ‘ഷെയിം’ വിളിച്ചു. എളമരം കരീം, കെ കെ രാഗേഷ്, കെ സോമപ്രസാദ്, ബിനോയ് വിശ്വം തുടങ്ങിയവര്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷം ഡസ്‌കിലിടിച്ച് ശബ്ദമുണ്ടാക്കിയതോടെ നയപ്രഖ്യാപനം അല്പനേരത്തേക്ക് മുടങ്ങി.
ജമ്മു -കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ശ്യാമപ്രസാദ് മുഖർജിയുടെ ആഗ്രഹം സാക്ഷാൽക്കരിക്കാനാണെന്നും രാഷ്‌ട്രപതി പറഞ്ഞു. മുസ്ലിംസ്‌ത്രീകളുടെ അവകാശം സംരക്ഷിക്കാൻ മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നു. ബാബ്‌റി മസ്ജിദ്- വിഷയത്തിൽ സുപ്രീംകോടതി വിധി വന്നപ്പോൾ രാജ്യത്തെ ജനങ്ങൾ കാണിച്ച പക്വത പ്രശംസനീയമാണ്. പ്രതിഷേധത്തിന്റെ പേരിലുള്ള സംഘർഷം രാജ്യത്തെ ദുർബലപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു.
രാവിലെ പാർലമെന്റ് വളപ്പിലെ ഗാന്ധിജിയുടെ പ്രതിമയ്‌ക്കുമുന്നിൽ പ്രതിപക്ഷം ധർണ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..