ലഖ്നൗ
പാകിസ്ഥാൻ ചാരനെന്ന് മുദ്രകുത്തപ്പെട്ട് അന്യായമായി ജയിലിലടയ്‌ക്കപ്പെട്ട കാൺപുര്‍ സ്വദേശി പ്രദീപ് കുമാര്‍ ഇനി ന്യായാധിപൻ. നാൽപ്പത്തിയാറുകാരനായ പ്രദീപ്കുമാറിനെ യുപി ഹയര്‍ ജുഡിഷ്യൽ സര്‍വീസസ് കേഡറിൽ നിയമിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.
പണം വാങ്ങി സൈനിക ക്യാമ്പുകളുടെയടക്കം വിവരം ചോര്‍ത്തി നൽകിയെന്നാരോപിച്ച് 2002ലാണ് അഭിഭാഷകനായ പ്രദീപ്കുമാറിനെ അറസ്റ്റുചെയ്‌തത്. അന്ന് പ്രായം 24 വയസ്സ്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ചാരപ്രവൃത്തി, ദേശദ്രോഹം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2004ലും 2007ലും രണ്ട് കേസാണ് എടുത്തത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2014ൽ കാൺപുര്‍ കോടതി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് യുപി ജുഡിഷ്യൽ സര്‍വീസസ് പരീക്ഷ എഴുതി 2016ൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പഴയ കേസ് പറഞ്ഞ് സര്‍ക്കാര്‍ നിയമനം നടഞ്ഞു.
നിയമപോരാട്ടമാണ് ന്യായാധിപകനാകാനുള്ള വഴി ഒടുവിൽ തുറന്നത്. ഒരു കേസിൽ സംശയിക്കപ്പെട്ടു എന്നതിന്റെ പേരിൽ പൗരന് ഭരണഘടനാപരമായ അവകാശം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വിധിയെഴുതി. കുറ്റം ചെയ്‌തതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി മറ്റുപരിശോധന നടത്തി യുപി ജുഡിഷ്യൽ സര്‍വീസസ് കേഡറിലെ പുതിയ ഒഴിവിൽ പ്രദീപ്കുമാറിനെ നിയമിക്കാനും ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..