24 November Sunday

നിർഭയ: മരണവാറന്റ്‌ ഹർജിയിൽ വാദം തിങ്കളാഴ്‌ച

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

ന്യൂഡൽഹി
നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കാൻ പുതിയ മരണവാറന്റ്‌ പുറപ്പെടുവിക്കണമെന്ന തിഹാർജയിൽ അധികൃതരുടെ ഹർജിയിൽ വാദംകേൾക്കൽ അഡീഷണൽ സെഷൻസ്‌ കോടതി തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. ശിക്ഷിക്കപ്പെട്ട പവൻ ഗുപ്‌തയ്‌ക്കുവേണ്ടി  മുതിർന്ന അഭിഭാഷക അഞ്‌ജന പ്രകാശ്‌ അമിക്കസ്‌ ക്യൂറിയായി ഹാജരാകണമെന്ന്‌ ജഡ്‌ജി ധർമേന്ദർറാണ ഉത്തരവിട്ടു. പവൻ ഗുപ്‌തയ്‌ക്കുവേണ്ടി ഹാജരായിരുന്ന അഡ്വ. എ പി സിങ്‌ പിന്മാറിയ സാഹചര്യത്തിലാണ്‌ അമിക്കസ്‌ ക്യൂറിയെ ചുമതലപ്പെടുത്തിയത്‌. കുറ്റവാളികളുടെ മൗലികാവകാശങ്ങൾക്കുനേരെ കണ്ണടയ്‌ക്കാൻ കഴിയില്ലെന്ന്‌ ജഡ്‌ജി നിരീക്ഷിച്ചു.

മരണവാറന്റ്‌ പുറപ്പെടുവിക്കൽ പ്രാധാന്യമുള്ളതാണെന്നും ഭാവിയിൽ  വിവാദങ്ങൾ ഉണ്ടാകാനുള്ള  പഴുതുകൾ അടയ്‌ക്കേണ്ടതുണ്ടെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച കേസിൽ അന്തിമവാദം കേൾക്കും. അതിനുള്ളിൽ കുറ്റവാളികൾ അവർക്ക്‌ പറയാനുള്ളത്‌ അറിയിക്കണമെന്നും ജഡ്‌ജി പറഞ്ഞു.

അതേസമയം, രാഷ്ട്രപതി  ദയാഹർജി തള്ളിയതിനെതിരെ വിനയ്‌ ശർമ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ്‌ ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച്‌ വെള്ളിയാഴ്‌ച പകൽ രണ്ടിന്‌ വിധി പറയും. ദയാഹർജി പരിഗണിക്കുമ്പോൾ മെഡിക്കൽരേഖകളും മറ്റും രാഷ്ട്രപതിക്ക്‌ കൈമാറിയിരുന്നില്ലെന്ന്‌ വിനയ്‌ ശർമയ്‌ക്കുവേണ്ടി ഹാജരായ അഡ്വ. എ പി സിങ്‌ വാദിച്ചു.


‘ജീവിക്കാൻ ഒരവസരം നൽകൂവെന്ന്‌’ ബന്ധുക്കൾ


കുറ്റവാളികളുടെ ശിക്ഷ എത്രയുംപെട്ടെന്ന്‌ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിലരും ‘ജീവിക്കാൻ ഒരവസരംകൂടി നൽകൂവെന്ന്‌’- ആവശ്യപ്പെട്ട്‌ കുറ്റവാളികളുടെ ബന്ധുക്കളും രംഗത്തെത്തിയതോടെ പട്യാല കോടതിപരിസരം പ്രക്ഷുബ്‌ധമായി. പട്യാല കോടതിയിൽ പ്രതീക്ഷ നഷ്ടമായെന്നും ഇനി സുപ്രീംകോടതിയിലാണ്‌ പ്രതീക്ഷയെന്നും ഇരയുടെ അമ്മ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

കുറ്റവാളികൾ നിരപരാധികളാണെന്നും അവരെ തൂക്കിലേറ്റരുതെന്നും അവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. മുകേഷ്‌, വിനയ്‌, പവൻ ഗുപ്‌ത, അക്ഷയ്‌സിങ്‌ എന്നിവരുടെ ബന്ധുക്കൾ കോടതിപരിസരത്തുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top