ന്യൂഡൽഹി > ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജ് നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി. ജൂലൈ 11ന് സുപ്രീംകോടതി കൊളീജിയം നല്‍കിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉദാസീനതയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ശുപാർശയിൽ മാറ്റം വരുത്തില്ലെന്നും അറിയിച്ചു. തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പടെയുള്ളവരുടെ നിയമനം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസാണ്. മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം. 2012ൽ ബോംബെ ഹൈക്കോടതി ജസ്‌റ്റിസായി. ആക്‌റ്റിങ് ചീഫ് ജസ്റ്റിസ് മൻമോഹനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിച്ചു. ജസ്റ്റിസുമാരായ രാജീവ് ശക്‌ധർ (ഹിമാചൽപ്രദേശ്), സുരേഷ് കുമാർ കൈത്(മധ്യപ്രദേശ് ), ഇന്ദ്ര പ്രസന്ന മുഖർജി (മേഘാലയ), താഷി റബ്‌സ്‌താൻ (ജമ്മു കശ്‌മീർ ആൻഡ് ലഡാക്ക്), ശ്രീറാം കൽപാത്തി രാജേന്ദ്രൻ (മദ്രാസ്) എന്നിവരെ ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..