23 December Monday
16 വണ്ടികൾ റൂട്ട് കാത്തു കിടക്കുന്നു

യാത്രക്കാർ വണ്ടികിട്ടാതെ വലയുമ്പോൾ കോടികൾ ചിലവഴിച്ച വന്ദേഭാരത് ട്രെയിനുകൾ കട്ടപ്പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

 

പാലക്കാട്> പൊതുയാത്രാ സൌകര്യങ്ങളുടെ പരിമിതിയാൽ ജനം വലയുമ്പോൾ കോടികൾ ചിലവഴിച്ച വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനാവാതെ കട്ടപ്പുറത്ത്. സർവീസ് നടത്താൻ അനുയോജ്യമായ റൂട്ട് കണ്ടെത്താനാവുന്നില്ല എന്ന കാരണം പറഞ്ഞാണ് വന്ദേഭാരത് ഇനത്തിൽ നിർമ്മിച്ച വണ്ടികൾ വെറുതെയിട്ടിരിക്കുന്നത്.

16 വന്ദേഭാരത് ചെയർകാർ വണ്ടികൾ ഇങ്ങനെ സർവ്വീസ് നടത്താതെ മുടക്കിയിട്ടിരിക്കയാണ്. വന്ദേഭാരത് വണ്ടികൾക്ക് മണിക്കൂറിൽ 130 -  160 കിലോമീറ്ററിനുമിടയിൽ വേഗം കൈവരിക്കാവുന്ന റൂട്ടുകൾ വേണമെന്നാണ് നിബന്ധന വെച്ചിരിക്കുന്നത്. ഇതിനായി പര്യാപ്തവും സിഗ്നലുകൾ നവീകരിച്ചതുമായ റൂട്ടുകൾ ഇന്ത്യൻ റെയിൽവേയിൽ കുറവാണെന്നാണ് റെയിൽവേ നിലപാട്.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ റെയിൽ യാത്രാ ദുരിതം രൂക്ഷമാണ്. വിശേഷിച്ചും ഏറണാകുളത്തിനും തൃശൂരിനും വടക്കോട്ട്. ട്രാക്ക് നവീകരണവും സിഗ്നൽ പരിഷ്കരണവും നടപ്പായിട്ടും സർവ്വീസുകൾ പരിമിതമായി തന്നെ തുടരുന്നു. ഗതാഗത പ്രശ്നങ്ങൾ രൂക്ഷമാണ്.

കേരളത്തിൽ നിലവിൽ ഓടുന്ന പലവണ്ടികളുടെയും നിലവാരം ശോചനീയമാണ്. ജനശതാബ്ദി എക്സ്പ്രസുകൾ വന്ദേഭാരത് മാതൃകയിൽ വലിയ പ്രചാരണത്തോടെ തുടങ്ങിയതാണ്. എന്നാൽ ഇവയിലെ ദീർഘദൂര യാത്ര ദുരിതമാണ്. സീറ്റുകളുടെ സംവിധാനത്തിലും നിർമ്മിതിയിലും യാത്രക്കാരെ പരിഗണിച്ചില്ല എന്നതാണ് മുഖ്യ പരാതി. സീറ്റുകൾ മുന്നിലേക്ക് ചരിഞ്ഞു കുത്തി. കോച്ചുകളുടെ കാലപ്പഴക്കം കൂടിയായപ്പോൾ യാത്രക്കാർ കൂടുതൽ കഷ്ടത്തിലായി.

ലാഭകരമായ റൂട്ട് കണ്ടെത്താൻ കഴിയാത്തതാണ് റെയിൽവേ മറ്റൊരു പ്രധാന കാരണമായി പറയുന്നത്. എന്നാൽ യാത്രക്കാർ കൂടുതൽ ഉള്ള കൂടുതൽ വണ്ടികൾക്ക് സാധ്യതയുള്ള റൂട്ടുകളിൽ തന്നെ ആവശ്യത്തിന് വണ്ടികൾ ഇല്ലാത്ത സാഹചര്യമാണ്. ആലപ്പുഴ നിന്നും കണ്ണൂർ വരെ ഓടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കാരണം യാത്രക്കാർ മോഹാലസ്യപ്പെട്ട് വീഴുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് നഷ്ടക്കണക്ക് പറയുന്നത്. ഏറണാകുളത്തിന് വടക്കോട്ട് ഈ തീവണ്ടിയിൽ പൊതു കമ്പാർട്മെന്റുകളിൽ നിൽക്കാൻ പോലും ഇടം ലഭിക്കില്ല.

റെയിൽവേ കാണുന്നത് ബിസിനസ്സ്

വന്ദേഭാരത് സർവ്വീസിന് മറ്റ് വണ്ടികളുടെ സമയക്രമത്തെ ബാധിക്കാത്ത രീതിയിലുള്ള റൂട്ടുകൾ കണ്ടെത്താൻ കഴിയാത്തതും മുടക്കമായി പറയുന്നു. അധികൃതർ പ്രതീക്ഷിച്ചതുപോലെ, അതിവേഗ വണ്ടികൾ ഓടിക്കാവുന്ന രീതിയിൽ ട്രാക്കുകൾ നവീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികൾക്കു വേണ്ടി പല ഹ്രസ്വദൂര വണ്ടികളും പിടിച്ചിടേണ്ടിവരുന്നു എന്നിങ്ങനെ കാരണങ്ങളും ഉന്നയിക്കുന്നു.

എട്ട് കോച്ചുള്ള വന്ദേഭാരത് വണ്ടി ഓടുന്ന റൂട്ടിൽ പലപ്പോഴും നാലോ, അഞ്ചോ വണ്ടികൾ പിടിച്ചിടുന്നു. ഈ വണ്ടികളിൽ യാത്ര ചെയ്യുന്നത് 5000-ത്തോളം പേരാണ്. എട്ട് കോച്ചുള്ള വന്ദേഭാരതിൽ യാത്ര ചെയ്യുന്നത് 500 പേരാണ്. 500 പേർ യാത്ര ചെയ്യുന്നതിനായി 5000-ത്തോളം പേർ വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഇത് വന്ദേഭാരത് വണ്ടികൾക്കെതിരേ യാത്രക്കാരിൽ പ്രതികൂല വികാരമുണ്ടാക്കുന്നു എന്നും റെയിൽവേ വിശദീകരിക്കുന്നു.

അങ്ങിനെയെങ്കിൽ വന്ദേഭാരത് തിരക്കേറിയ റൂട്ടുകളിൽ യാത്രയ്ക്ക് ഉപയോഗിച്ചാൽ കേരളത്തിൽ യാത്രാ ദുരിതത്തിന് അല്പം ആശ്വാസം ലഭിക്കുമെന്ന് യാത്രക്കാർ പറയുന്നു. വന്ദേഭാരതിന്റെ രാത്രി യാത്രാ വിലക്കിനും വിശദീകരണങ്ങളില്ല.

വന്ദേ ഭാരത് ചെയർകാറിന് ഒരു ഭാഗത്തേക്ക് എട്ട് മണിക്കൂർ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. അതിനാൽത്തന്നെ എട്ടു മണിക്കൂറിൽ യാത്ര അവസാനിക്കുന്ന തിരക്കുള്ള റൂട്ടുകൾമാത്രമേ തിരഞ്ഞെടുക്കാനാവൂ എന്നും റെയിൽവേ വിശദീകരിക്കുമ്പോൾ യാത്രാ ദുരിതമുള്ള റൂട്ടുകൾ അവഗണിക്കപ്പെടുന്ന സാഹചര്യമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

നിർമ്മാണ ചിലവ് കുറഞ്ഞു, നിരക്ക് സൌകര്യങ്ങളുടെ പേരിൽ

 അർധരാത്രി മുതൽ രാവിലെ അഞ്ചു വരെ വന്ദേഭാരത് ചെയർകാർ സർവീസ് നടത്തുന്ന പതിവില്ല. വേഗത, സമയ ക്രമം, ദൂരം എന്നിവയിൽ കടുത്ത നിബന്ധനകൾ വന്ദേഭാരതിന് തന്നെ കുരുക്കാവുകയാണ്. യാത്രക്കാർ അടിസ്ഥാന സൌകര്യങ്ങളില്ലാതെ കുരുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഹൈവേ വിപുലീകരണം നിർമ്മാണ ഘട്ടത്തിലായതും കേരളത്തിലെ യാത്രാ ദുരിതം എന്നത്തെക്കാൾ രൂക്ഷമാക്കിയിട്ടുണ്ട്.  

എട്ട് കോച്ചുള്ള വന്ദേഭാരത് നിർമിക്കാൻ 52 കോടി രൂപയാണ് ചെലവ്. 800 കോടി രൂപയിലധികം ചെലവഴിച്ച് നിർമിച്ച 16 വന്ദേഭാരത് വണ്ടികളാണ് ഇപ്പോൾ നിബന്ധന വെച്ച് തടസ്സപ്പെടുത്തി ട്രാക്കിൽ ഇറക്കാതെ പിടിച്ച് വെച്ചിരിക്കുന്നത്.

കോച്ച് നിർമ്മാണത്തിന് 120 കോടി രൂപ ചിലവഴിച്ചിരുന്ന സ്ഥാനത്താണ് റെയിൽവേയ്ക്ക് ഇപ്പോൾ പകുതി ചിലവിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുന്നത്. വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾക്ക് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന്റെ നിര്‍മാണ കേന്ദ്രത്തിൽ നിന്ന് പുറത്തിങ്ങുമ്പോൾ ഇപ്പോൾ 67 കോടി രൂപ മാത്രമാണ് ചിലവ് വരുന്നത്.

കോച്ചുകളുടെ നിർമ്മാണ ചിലവ് കുറഞ്ഞു. സൌകര്യങ്ങൾ വർധിച്ചു. കാലത്തിനനുസരിച്ച ആ സൌകര്യങ്ങളുടെ പേരിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് നിർത്തുകയാണ്.  ഇതിനായി "വന്ദേഭാരത്" പോലുള്ള ബ്രാന്റിങ് തന്ത്രങ്ങൾ ഉപയോഗിക്കുന്നു.

റൂട്ട് ലഭിച്ചവയും റദ്ദാക്കി

എറണാകുളംബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് റദ്ദാക്കിയതിനെതിരെ കഴിഞ്ഞ ദിവസം എഐവൈഎഫ് കേന്ദ്ര റെയിൽവേ മന്ത്രിക്കു തപാൽ വഴി കായവറുത്തത് അയച്ച് പ്രതിഷേധിച്ചിരുന്നു. ട്രെയിൻ റദ്ദാക്കിയതോടെ ഓണാഘോഷത്തിനു മലയാളികൾക്കു നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. സ്വകാര്യ ബസുകൾ വൻ തുക ഈടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

സർവ്വീസ് നിർത്തിയതിന് പിന്നിൽ എന്താണ്

ബംഗളൂരു- എറണാകുളം വന്ദേഭാരത് സർവീസ് തുടങ്ങി ഒരു മാസത്തിനകം അവസാനിപ്പിക്കയായിരുന്നു. സർവീസ് നടത്താതെ അഞ്ചുമാസം വെറുതെയിട്ടിരുന്നതിനു ശേഷം ജൂലായ് 25നാണ് സ്പെഷ്യലായി ഓടിച്ചുതുടങ്ങിയത്. ആഗസ്റ്റ് 26ന് നിറുത്തി.

ബംഗളൂരുവിൽ നിന്ന് മധുരയിലേക്ക് പുതിയ വന്ദേഭാരത് തുടങ്ങിയതോടെ എറണാകുളം സർവീസ് കൈകാര്യം ചെയ്യാൻ പ്രയാസമാണെന്ന ബംഗളൂരൂ വിഭാഗത്തിന്റെ പരാതി കണക്കിലെടുത്ത് തത്കാലം നിറുത്തിയെന്നാണ് റെയിൽവേയുടെ വിശദീകരണം.

ആഴ്ചയിൽ അരലക്ഷത്തിലധികം യാത്രക്കാരുള്ള ബംഗളൂരു- എറണാകുളം റൂട്ട് സ്വകാര്യ ലക്ഷ്വറി ബസുകാരുടെ ലാഭമേഖലയാണ്. ഓണക്കാലത്ത് 5000 രൂപവരെ എ.സി സ്ളീപ്പർ ടിക്കറ്റ് നിരക്ക് ഉയർത്തിയാണ് സ്വകാര്യ സർവീസുകൾ യാത്രക്കാരെ പിഴിയുന്നത്.

ബംഗളൂരൂ സർവീസിനായി വന്ദേഭാരത് റേക്ക് ഫെബ്രുവരിയിൽ കിട്ടിയെങ്കിലും എറണാകുളത്ത്മെയിന്റനൻസ് സൗകര്യമില്ല തുടങ്ങിയ മുട്ടുന്യായംപറഞ്ഞ് കൊച്ചുവേളിയിൽ വെറുതേയിട്ടിരുന്നു.

 

ഇനിയും വരാനിരിക്കുന്നു വന്ദേഭാരത് സ്ലീപ്പറുകൾ

റൂട്ട് ഇല്ലാത്തത് കാരണം എന്ന് വിശദീകരിച്ച് ഓടിക്കാതെ കയറ്റിവെച്ച ട്രെയിനുകൾ പൊടിപിടിക്കുമ്പോൾ വന്ദേഭാരത് സ്ലീപ്പറുകളുടെ നിര ഇനിയും വരാനിരിക്കയാണ്.

രാജധാനി എക്‌സ്പ്രസിനെയും മറ്റ് ട്രെയിനുകളെയും അപേക്ഷിച്ച് ലോകോത്തര നിലവാരത്തിലാണ് വന്ദേ ഭാരത് സ്ലീപര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുഖ സൗകര്യങ്ങളോടെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള സംവിധാനവും ട്രെയിനില്‍ഉറപ്പുവരുത്തിയിട്ടുണ്ട്. ശരാശരി വേഗതയില്‍ രാജധാനി എക്‌സ്പ്രസിനെക്കാള്‍ മുന്നിലാണ് വന്ദേഭാരത് സ്ലീപര്‍ ട്രെയിൻ. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

11 എ.സി ത്രീ ടയര്‍ കോച്ചുകളും(611 ബെര്‍ത്ത്), നാല് എ.സി ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്ത്), ഒരു ഫസ്റ്റ്ക്ലാസ് എ.സി കോച്ചും(24 ബെര്‍ത്ത്) ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകോത്തര നിലവാരത്തിലുള്ള നൂതന സൗകര്യങ്ങളാണ് സ്ലീപര്‍ ട്രെയിനിന്റെ സവിശേഷതകളിലൊന്ന്. ജിഎഫ്ആര്‍പി പാനലുകള്‍, സെന്‍സര്‍ ബേസ്ഡ് ഇന്റീരിയര്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ശൗചാലയങ്ങള്‍, ലഗേജുകള്‍ സൂക്ഷിക്കാനുള്ള വിശാലമായ മുറികള്‍, എന്നിവയും വന്ദേഭാരത് സ്ലീപര്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യത്തെ വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ ബംഗളുരുവില്‍ ബിഇഎംഎല്ലിന്റെ നിര്‍മാണ കേന്ദ്രത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിന്‍ പുറത്തിറക്കിയത് വാർത്തയായിരുന്നു. എന്നാൽ ഇവ ഓടിക്കുന്നത് സംബന്ധിച്ച് പദ്ധതിയായില്ല. വന്ദേഭാരത് പകൽ വണ്ടികൾ യാർഡിൽ അവസരം കാത്ത് കിടക്കുകയും ചെയ്യുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top