22 November Friday
പുനഃപരീക്ഷയ്‌ക്ക്‌ ഉത്തരവിട്ടാൽ 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും

പുനഃപരീക്ഷയില്ല ; ക്രമക്കേട്‌ വ്യാപകമല്ലെന്ന്‌ സുപ്രീംകോടതി

എം അഖിൽUpdated: Tuesday Jul 23, 2024


ന്യൂഡൽഹി
ചോദ്യപേപ്പർ കുംഭകോണത്തെ തുടർന്ന്‌ വിവാദത്തിലായ ദേശീയ മെഡിക്കൽ പരീക്ഷ (നീറ്റ്‌ യുജി) റദ്ദാക്കണമെന്ന ആവശ്യം  തള്ളി സുപ്രീംകോടതി. ക്രമക്കേട്‌ വ്യാപകമല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയെ മൊത്തത്തില്‍ ബാധിച്ചതിന്‌ തെളിവില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു.

പുനഃപരീക്ഷയ്‌ക്ക്‌ ഉത്തരവിട്ടാൽ 23 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, ജാർഖണ്ഡിലെ ഹസാരിബാഗ്‌, ബിഹാറിലെ പട്‌ന കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ ചോർന്നത്‌ യാഥാർഥ്യമാണെന്ന്‌ കോടതി സമ്മതിച്ചു.  രണ്ടിടത്തുമായി 155 വിദ്യാർഥികൾക്കാണ്‌  ചോർച്ചയുടെ ഗുണം കിട്ടിയതെന്ന്‌ സിബിഐ തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. സിബിഐ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ 571 നഗരങ്ങളിലെ 4750 പരീക്ഷാകേന്ദ്രങ്ങളിലെ നീറ്റ്‌ ഫലം വിശകലനം ചെയ്‌ത്‌, അസാധാരണത്വമുണ്ടെങ്കില്‍ കണ്ടെത്താൻ കോടതി കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചു.

വിഷയത്തിൽ ഐഐടി മദ്രാസിന്റെ വിശകലനറിപ്പോർട്ട്‌ കേന്ദ്രം ഹാജരാക്കി. ദേശീയ പരീക്ഷാഏജൻസി (എൻടിഎ) സമർപ്പിച്ച വിവരങ്ങളും പരിശോധിച്ചു.
ചോദ്യപേപ്പർ ചോർച്ച കാരണം മുഴുവൻ പരീക്ഷാഫലവും  കളങ്കിതമായെന്ന്‌ സ്ഥാപിക്കാനായിട്ടില്ല. പുനഃപരീക്ഷയ്‌ക്ക്‌ ഉത്തരവിട്ടാൽ നിലവിലെ അക്കാദമിക് ഷെഡ്യൂൾ താറുമാറാകും. വരുംവർഷങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും–-  ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ്‌ മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു.  ഐഎസ്‌ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്‌ണൻ അധ്യക്ഷനായ വിദഗ്‌ധസമിതിയുടെ ശുപാർശകൾ കാര്യക്ഷമമായി നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെയും എൻടിഎയുടെയും ഉറപ്പ്‌  ഉത്തരവിൽ രേഖപ്പെടുത്തിയാണ്‌ കേസ്‌ തീർപ്പാക്കിയത്‌. പരാതിയുള്ളവര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാം.

19–-ാം ചോദ്യത്തിന്‌ 
ശരിയുത്തരമായി
നീറ്റ്‌ യുജി ചോദ്യപേപ്പറിൽ വിവാദമായ 19–-ാം നമ്പർ ചോദ്യത്തിന്റെ ശരിയുത്തരം നാലാം ഓപ്‌ഷനാണെന്ന്‌ ഡൽഹി ഐഐടിയിലെ വിദഗ്‌ധസംഘം സുപ്രീംകോടതിയെ അറിയിച്ചു. നാല്, രണ്ട്  ഓപ്‌ഷനുകള്‍ നല്‍കിയവര്‍ക്ക് എൻടിഎ മുഴുവന്‍മാര്‍ക്കും അനുവദിച്ചിരുന്നു. രണ്ടാമത്തെ ഓപ്‌ഷൻ തെരഞ്ഞെടുത്ത്‌ മാർക്ക്‌ ലഭിച്ചവർക്ക്‌ നെഗറ്റീവ്‌ മാർക്ക്‌ നൽകുന്നത്‌ ഒഴിവാക്കാവുന്നതാണെന്നും ചീഫ്‌ ജസ്റ്റിസ്‌ നിർദേശിച്ചു. ഉചിത തീരുമാനമെടുക്കാൻ എൻടിഐക്ക്‌ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top