14 November Thursday

ടാറ്റ ട്രസ്‌റ്റുകളുടെ പിൻഗാമിയാര് ; നോയൽ ടാറ്റയ്‌ക്ക്‌ മുൻതൂക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


മുംബൈ
ഇറാനിൽനിന്ന്‌ നൂറ്റാണ്ടുകൾക്കുമുമ്പ്‌ ഇന്ത്യയിലെത്തിയ പാഴ്‌സി കുടുംബങ്ങളിലൊന്നിലെ പിന്മുറക്കാരൻ ജാംഷഡ്‌ജി നുസർവാൻജി ടാറ്റ 19–-ാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ സ്ഥാപിച്ച വ്യവസായ സാമ്രാജ്യത്തിന്റെ അടുത്ത സാരഥി ആരാകും എന്നറിയാൻ ഉറ്റുനോക്കുകയാണ്‌ ലോകം. രത്തൻ ടാറ്റയുടെ മരണത്തോടെയാണ്‌ വ്യവസായ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്‌റ്റുകളുടെ നിയന്ത്രണം ആർക്കാകുമെന്ന ചോദ്യമുയരുന്നത്‌. ജഹാംഗീർ രത്തൻജി ദാദാഭായ്‌ ടാറ്റ എന്ന ജെ ആർ ഡി ടാറ്റയുടെ പിൻഗാമിയായി ടാറ്റ സൺസിന്റെ തലപ്പത്ത്‌ എത്തിയ രത്തൻ ടാറ്റയുടെ കാലത്ത്‌ ടാറ്റ സൺസ്‌ നൂറിലധികം രാജ്യങ്ങളിലേക്ക്‌ വ്യാപിച്ചു. ജാംഷെഡ്‌ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മൂത്തമകനാണ്‌ രത്തൻ നവൽ ടാറ്റ എന്ന രത്തൻ ടാറ്റ. രത്തന്റെ മരണത്തോടെയാണ്‌ ടാറ്റ ട്രസ്‌റ്റുകളുടെ നിയന്ത്രണം ആർക്കാകുമെന്ന ചോദ്യമുയരുന്നത്‌. 

ടാറ്റ ട്രസ്‌റ്റുകൾ പലതുണ്ടെങ്കിലും ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയും ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റിന്റെയും രത്തൻ ടാറ്റ ട്രസ്‌റ്റിന്റെയും ഉടമസ്ഥതയിലാണ്‌. ടാറ്റ സൺസ്‌ എമിരെറ്റസ്‌ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്ന രത്തൻ ടാറ്റ പിൻഗാമിയെ നിർദേശിച്ചിട്ടില്ലാത്തതിനാൽ തീരുമാനം എടുക്കേണ്ടത്‌ ബോർഡ്‌ ഓഫ്‌ ട്രസ്‌റ്റീസാണ്‌. നവൽ ടാറ്റയുടെ രണ്ടാംഭാര്യയിലെ മകനും രത്തന്റെ അർധസഹോദരനുമായ നോയൽ ടാറ്റയുടെ പേരാണ്‌ പ്രധാനമായും പ്രചരിക്കുന്നത്‌. ഐറിഷ്‌ പൗരനായ അറുപത്തേഴുകാരന്‌ ടാറ്റ ഗ്രൂപ്പിൽ നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്‌. ചില കമ്പനികളുടെ ചെയർമാനാണ്‌. രണ്ടു പ്രധാന ട്രസ്‌റ്റുകളിലും അംഗവുമാണ്‌.

പാഴ്‌സി സമുദായത്തിൽനിന്നും ടാറ്റ കുടുംബത്തിൽനിന്ന് തന്നെ ഒരാൾ രത്തന്റെ പിൻഗാമിയാകണമെന്ന്‌ വന്നാൽ നോയലിനാണ്‌ മുൻതൂക്കം. 2012–-17ൽ ടാറ്റ സൺസ്‌ ചെയർമാനായിരുന്ന സൈറസ്‌ മിസ്‌ത്രിയുടെ സഹോദരിയാണ്‌ നോയലിന്റെ ഭാര്യ.രത്തന്റെ നേരനുജനായ ജിമ്മി ടാറ്റ കൊളാബയിൽ രണ്ടു കിടപ്പുമുറിയുള്ള സാധാരണ ഫ്ലാറ്റിൽ ഒതുങ്ങി ജീവിക്കുന്നയാളാണ്‌. ടാറ്റ ഗ്രൂപ്പിൽ അദ്ദേഹത്തിന്‌ ഗണ്യമായി ഓഹരികളുണ്ടെങ്കിലും വ്യവസായകാര്യങ്ങളിൽ വലിയ താൽപ്പര്യമെടുത്തിട്ടില്ല. സ്‌ക്വാഷ്‌ കളിക്കാരൻ എന്ന നിലയിലാണ്‌ ജിമ്മിയുടെ പ്രശസ്‌തി.

ടാറ്റ സൺസിന്റെയും ടാറ്റ ട്രസ്‌റ്റുകളുടെയും ചെയർമാന്മാരുടെ ഉത്തരവാദിത്വങ്ങൾ വെവ്വേറെയായിരിക്കും എന്നുറപ്പാക്കാൻ 2022ൽ ട്രസ്‌റ്റുകളുടെ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ടിവിഎസിൽനിന്നുള്ള വേണു ശ്രീനിവാസൻ, മുൻ പ്രതിരോധ സെക്രട്ടറി വിജയ്‌ സിങ് തുടങ്ങിയവരുടെ പേരുകളും ട്രസ്‌റ്റുകളുടെ തലപ്പത്തേക്ക്‌ പ്രചരിക്കുന്നുണ്ട്‌. നിലവിൽ ട്രസ്‌റ്റുകളുടെ ഉപാധ്യക്ഷരായ ഇരുവരും അവയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്‌. 2017 മുതൽ എൻ ചന്ദ്രശേഖരനാണ്‌ ടാറ്റ സൺസ്‌ ചെയർമാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top