23 December Monday

എൻആർഐ ക്വോട്ട വേണ്ട , നിർത്തലാക്കേണ്ട സമയമായെന്ന്‌ സുപ്രീംകോടതി ; പഞ്ചാബ്‌ സർക്കാരിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ന്യൂഡൽഹി
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള എൻആർഐ ക്വോട്ട പ്രവേശനം സമ്പൂർണ തട്ടിപ്പാണെന്നും നിർത്തലാക്കേണ്ട സമയമായെന്നും  സുപ്രീംകോടതി. എൻആർഐകളുടെ ബന്ധുക്കൾക്കും മെഡിക്കൽ പ്രവേശനത്തിന്‌ ക്വോട്ട ബാധകമാക്കിയ പഞ്ചാബ്‌ സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.       ഹൈക്കോടതി വിധി ചോദ്യചെയ്‌ത്‌ സമർപ്പിച്ച മൂന്നുഹർജികളും സുപ്രീംകോടതി തള്ളി.

പഞ്ചാബ്‌ സർക്കാരിന്റെ വിജ്ഞാപനത്തിലൂടെ മൂന്നിരട്ടി മാർക്കുള്ള വിദ്യാർഥികളുടെ അവസരമില്ലാതാക്കിയാണ്‌  പിൻവാതിലൂടെയുള്ള എൻആർഐ ക്വോട്ടയില്‍  പ്രവേശനം നടത്തിയത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്ന നടപടിയാണിത്‌. പണമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. പഞ്ചാബിൽ എല്ലാവർക്കും എൻആർഐ ബന്ധുകാണും. നഗ്നമായ നിയമലംഘനത്തിനായി  അധികാരം പ്രയോഗിക്കാൻ സുപ്രീംകോടതിക്ക്‌ കഴിയില്ല–-ചീഫ്‌ ജസ്റ്റിസ്‌ വ്യക്തമാക്കി.  

ഹൈക്കോടതി വിധി മികച്ചതാണെന്ന്‌ സുപ്രീംകോടതി എടുത്തുപറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ചണ്ഡീഗഡ്‌ എന്നിവിടങ്ങളിൽ എൻആർഐ പ്രവേശനം വിപുലപ്പെടുത്തിയിട്ടുണ്ടെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി. ആഗസ്‌തിലാണ്‌ സർക്കാർ മെഡിക്കൽ കോളേജ്‌ പ്രവേശന മാനദണ്ഡം വിപുലപ്പെടുത്തി പഞ്ചാബിൽ വിജ്ഞാപനം പുറത്തിറക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top