ന്യൂഡൽഹി > നീറ്റ് - യുജി ചോദ്യ പേപ്പർ ചോർച്ചയിൽ ഒരു വിദ്യാർഥിനി കൂടി അറസ്റ്റിലായി. റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (റിംസ്) ഒന്നാംവർഷം എംബിബിഎസ് വിദ്യാർഥിനി സുരഭി കുമാരിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപ്പേപ്പർ ചോർത്തിയ കേസിലെ പ്രധാന പ്രതി എൻജിനിയർ പങ്കജ് കുമാറിനൊപ്പം ചേർന്ന് വിദ്യാർഥികൾക്ക് ഉത്തരങ്ങൾ തയാറാക്കി നൽകിയതിനാണ് സുരഭിയെ അറസ്റ്റ് ചെയ്ത്.
രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സുരഭി കുമാരിയെ സിബിഐ കസ്റ്റഡിയിലെടുത്തത്. നീറ്റ്-യുജി പരീക്ഷ നടന്ന മെയ് അഞ്ചിന് രാവിലെ പങ്കജ് കുമാർ മോഷ്ടിച്ച ചോദ്യ പേപ്പറിലെ ഉത്തരങ്ങൾ കണ്ടെത്താൻ ഹസാരിബാഗിൽ ഹാജരായ സംഘത്തിലെ അഞ്ചാമത്തെ അംഗമാണ് സുരഭി കുമാരിയെന്ന് സിബിഐ പറഞ്ഞു.
ഹസാരിബാഗിലെ എൻടിഎ ട്രങ്കിൽ നിന്ന് നീറ്റ്-യുജി ചോദ്യ പേപ്പർ മോഷ്ടിച്ചത് 2017ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജംഷഡ്പൂറിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് നേടിയ പങ്കജ് കുമാറാണെന്നാണ് നിഗമനം. നീറ്റ്-യുജി കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..