ന്യൂഡൽഹി
പ്രതിപക്ഷ പാർടികളുടെ ഒറ്റക്കെട്ടായ എതിർപ്പിനിടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്ക് പ്രഹരമേൽപ്പിക്കുന്ന ബിൽ വോട്ടെടുപ്പിലൂടെയാണ് അവതരിപ്പിച്ചത്. ലോക്‌സഭാ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള 129–ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുകൾകൂടി ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ഭേദഗതി ബില്ലുമാണ് നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ അവതരിപ്പിച്ചത്.
ഭരണഘടനാഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്‌സഭയിൽ സർക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നിൽരണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എൻഡിഎയ്‌ക്ക് 293 ഉം പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് 234ഉം അംഗങ്ങളാണുള്ളത്. എൻഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്‌ആർസിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എൻഡിഎ 300ൽപ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിർത്തു. വിപ്പ് നൽകിയിട്ടും ഇരുപത് ബിജെപി എംപിമാർ വിട്ടുനിന്നു. എൻഡിഎയുടെ പ്രധാന ഘടകകക്ഷി ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.
കടുത്ത എതിർപ്പുയർന്നതോടെ ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടെ പരിഗണനയ്‌ക്ക് വിടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മനീഷ് തിവാരി (കോൺഗ്രസ്), അമ്രാറാം (സിപിഐ എം), ധർമേന്ദ്ര യാദവ് (എസ്‌പി), ടി ആർ ബാലു (ഡിഎംകെ), കല്യാൺ ബാനർജി (ടിഎംസി), സുപ്രിയ സുലെ (എൻസിപി–-ശരദ്‌പവാർ), അനിൽ ദേശായി (ശിവസേന–-ഉദ്ധവ്) തുടങ്ങിയ പ്രതിപക്ഷ എംപിമാർ ബില്ലവതരണത്തെ എതിർത്ത് സംസാരിച്ചു. ടിഡിപിയും ശിവസേന ഷിൻഡെ വിഭാഗസഭ കടക്കില്ലവും പിന്തുണച്ചു.
ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുക എളുപ്പമല്ലെന്ന് കണ്ടാണ് ബില്ലുകൾ ജെപിസിക്ക് വിടാൻ തീരുമാനിച്ചത്. ലോക്‌സഭാകാലാവധി തീരുംമുമ്പ് പാസാക്കിയില്ലെങ്കില്‍ ബില്‍ കാലഹരണപ്പെടും. ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. നിയമസഭകളുടെ കാലാവധി നിർണയിക്കുന്ന ഭേദഗതി നിർദേശത്തിന് സംസ്ഥാനഅംഗീകാരം വേണ്ടെന്ന കേന്ദ്രനിലപാട് കോടതിയിൽ ചോദ്യംചെയ്യപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..